
പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് 'എമ്പുരാൻ'(Empuraan). പൃഥ്വിരാജിന്റെ(Prithviraj) സംവിധാനത്തിൽ മോഹൻലാൽ(Mohanlal) നായകനായി എത്തിയ ലൂസിഫറിന്റെ(Lucifer) രണ്ടാം ഭാഗമാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമിൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിൽ ദുൽഖർ ഉണ്ടാകുമെന്ന തരത്തിൽ നേരത്തെ പ്രചരണങ്ങൾ നടന്നിരുന്നു. ബ്രോ ഡാഡി ഉള്‍പ്പെടെയുള്ള സെറ്റുകളില്‍ ഇരുവരും കണ്ടുമുട്ടിയതായിരുന്നു ഇതിന് ആധാരം. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി പറയുകയാണ് പൃഥ്വിരാജ്.
എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും പൃഥ്വി മനസ്സ് തുറന്നു.
Read Also: Ganesh Acharya : കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാതിക്രമ പരാതി ; കുറ്റപത്രം സമര്‍പ്പിച്ചു
‘ദുല്‍ഖറും ഞാനുമായി സിനിമാ സംബന്ധമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുള്ളതും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുള്ളതും ഒന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല. സിനിമാ സംബന്ധമായ ഒരു മീറ്റിങ് ഉണ്ടാവുമ്പോഴേ അതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ഞങ്ങള്‍ രണ്ട് പേരും സിനിമാ നടന്മാരാണ് നിര്‍മാതാക്കളാണ് എന്നുള്ളതിനപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ദുല്‍ഖറാണെങ്കിലും അമലാണെങ്കിലും മറിയമാണെങ്കിലുമൊക്കെ. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ജന ഗണ മന എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.
ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ എന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് എമ്പുരാനും പ്രഖ്യാപിച്ചത്. 'ലൂസിഫറി'ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
RRR Box Office : ബോളിവുഡിനെ ബഹുദൂരം പിന്നിലാക്കി ആര്‍ആര്‍ആര്‍; ആദ്യ ആഴ്ച നേടിയ ആഗോള കളക്ഷന്‍
അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ തന്നെ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കൈലാസിന്‍റെ 'കടുവ', രതീഷ് അമ്പാട്ടിന്‍റെ 'തീര്‍പ്പ്' എന്നിവയാണ് പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍. മുരളി ഗോപിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒപ്പം സഹനിര്‍മ്മാതാവായും ചിത്രത്തിനൊപ്പം അദ്ദേഹമുണ്ട്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷിബു ബഷീര്‍ ഒരുക്കുന്ന മറ്റൊരു ചിത്രത്തിനും മുരളി ഗോപി തിരക്കഥ ഒരുക്കുന്നുണ്ട്.