'ലൂസിഫറി'നെ പ്രശംസിച്ച് പ്രിയദര്‍ശന്‍; അവാര്‍ഡ് ലഭിച്ചതുപോലെയെന്ന് പൃഥ്വിരാജ്

By Web TeamFirst Published Mar 30, 2019, 5:41 PM IST
Highlights

റിലീസ് ദിനത്തില്‍ തന്നെ വന്‍ മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രം ഈ വാരാന്ത്യത്തില്‍ നിലവിലെ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ പലതും തകര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു സൂപ്പര്‍താര ചിത്രം തീയേറ്ററുകളില്‍ ആളെക്കൂട്ടുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ 'ലൂസിഫറാ'ണ് ആ ചിത്രം. റിലീസ് ദിനത്തില്‍ തന്നെ വന്‍ മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രം ഈ വാരാന്ത്യത്തില്‍ നിലവിലെ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ പലതും തകര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം കണ്ടതിന് ശേഷമുള്ള തന്റെ അഭിപ്രായം ചുരുങ്ങിയ വാക്കുകളില്‍ പ്രകടിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

'മലയാളത്തിലെ ഏറ്റവും മികച്ച മാസ് സിനിമകളില്‍ ഒന്നാണ് 'ലൂസിഫര്‍'. ലാലു (മോഹന്‍ലാല്‍)വിനും പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയ്ക്കും ആശംസകള്‍', പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇതിനുള്ള മറുപടി പൃഥ്വിരാജും തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

'ഇതൊരു അവാര്‍ഡാണ്! നന്ദി സാര്‍! ഞാനൊരു സംവിധായകനാവാനുള്ള കാരണങ്ങളിലൊന്ന് നിങ്ങളാണ്!', പൃഥ്വിയുടെ വാക്കുകള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിവേക് ഒബ്റോയ്, ടൊവീനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സംവിധായകന്‍ ഫാസില്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രാദേശിക രാഷ്ട്രീയ നേതാവാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം. 

click me!