'ഇഫി'യിൽ പ്രിയദർശൻ ജൂറി അധ്യക്ഷൻ; 'ജല്ലിക്കട്ട്' അടക്കം 5 മലയാള ചിത്രങ്ങൾ പനോരമയിൽ

By Web TeamFirst Published Oct 6, 2019, 2:27 PM IST
Highlights

പനോരമ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ജല്ലിക്കട്ട്, ഉയരെ, കോളാമ്പി.
 

ഗോവയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഫീച്ചര്‍ ഫിലിം വിഭാഗം ജൂറി ചെയര്‍മാനാവുക സംവിധായകന്‍ പ്രിയദര്‍ശന്‍. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി അഞ്ച് മലയാളസിനിമകള്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ചലച്ചിത്രമേളയുടെ സുവര്‍ണജൂബിലി എഡിഷന്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് നടക്കുക.

ഇന്ത്യന്‍ പനോരമയുടെ ഫീച്ചര്‍ഫിലിം വിഭാഗത്തിലേക്ക് മൂന്ന് മലയാളചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ വാരം തീയേറ്ററുകളിലെത്തിയ 'ജല്ലിക്കട്ട്', മനു അശോകന്റെ സംവിധാനത്തില്‍ പാര്‍വ്വതി നായികയായ 'ഉയരെ', ടി കെ രാജീവികുമാറിന്റെ ഏറ്റവും പുതിയ ചിത്രം 'കോളാമ്പി' എന്നിവയാണ് അവ. പനോരമയുടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജയരാജിന്റെ 'ശബ്ദിക്കുന്ന കലപ്പ', നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത 'ഇരവിലും പകലിലും ഒടിയന്‍' എന്നീ സിനിമകളും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമയില്‍ ആകെ 26 ഫീച്ചര്‍ ചിത്രങ്ങളും 15 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കു.

76 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിലുള്ളത്. പതിനായിരത്തോളം ഡെലിഗേറ്റുകള്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുവര്‍ണ ജൂബിലി വര്‍ഷം പ്രമാണിച്ച് വിവിധ ഭാഷകളിലെ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 12 പ്രധാന സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചനെ ആദരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത സിനിമകളുടെ പാക്കേജും ഉണ്ടാവും. 

click me!