എംടിയുടെ രചനയില്‍ സിനിമയൊരുക്കാന്‍ പ്രിയദര്‍ശന്‍; ബിജു മേനോന്‍ നായകന്‍

By Web TeamFirst Published Aug 24, 2021, 12:08 PM IST
Highlights

എം ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയിയുടെ ഭാഗമായ ഒരു ലഘുചിത്രമാണ് പ്രിയന്‍ സംവിധാനം ചെയ്യുന്നത്

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഈ വര്‍ഷം താന്‍ സിനിമ സംവിധാനം ചെയ്യുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നുമില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു താരം ഈ പ്രോജക്റ്റില്‍ താന്‍ ഭാഗമാവുന്നതിനെക്കുറിച്ച് സ്ഥിരീകരിച്ചിരിക്കുകയാണ്. ബിജു മേനോന്‍ ആണ് ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

എം ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയിയുടെ ഭാഗമായ ഒരു ലഘുചിത്രമാണ് പ്രിയന്‍ സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുക. ബിജു മേനോനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുക. മലയാളത്തിലെ മുന്‍നിര സംവിധായകരാണ് മറ്റു ഭാഗങ്ങളും സംവിധാനം ചെയ്യുക. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ബിജു മേനോന്‍ പറഞ്ഞു. 

അതേസമയം എംടിയുടെ രചനയില്‍ താന്‍ നെറ്റഫ്ളിക്സിനുവേണ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് സന്തോഷ് ശിവനും നേരത്തെ പറഞ്ഞിരുന്നു. "എന്‍റെ അടുത്ത പ്രോജക്റ്റ് എം ടി വാസുദേവന്‍ നായരുടെ അഭയം തേടി.. നെറ്റ്ഫ്ളിക്സിനുവേണ്ടി ചെയ്യാന്‍ പോവുകയാണ് ഇപ്പോള്‍. അമൂര്‍ത്തമായ ഒരു ആശയമാണ് ചിത്രത്തിന്. സിദ്ദിഖിനെയാണ് ഞാന്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും അത്. ഇതിനകത്ത് അങ്ങനെ കഥയായിട്ടൊന്നുമില്ല. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇത് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. ആ ചലഞ്ച് ഏറെ ആവേശപ്പെടുത്തുന്ന ഒന്നാണ്. നെറ്റ്ഫ്ളിക്സ് പോലെ ഒരു ഒടിടി പ്ലാറ്റ്ഫോമില്‍ ഒരുപാട് എക്സ്പ്ലോര്‍ ചെയ്യാനുണ്ട്. അന്തര്‍ദേശീയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാം എന്നതാണ് ഒടിടിയുടെ ഏറ്റവും വലിയ നേട്ടം", ജൂണ്‍ മാസത്തിലെ ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെ ആയിരുന്നു സന്തോഷ് ശിവന്‍റെ വെളിപ്പെടുത്തല്‍.

താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആന്തോളജിയുടെ ഭാഗമാണെന്ന് സന്തോഷ് ശിവന്‍ പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ അത്തരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രിയദര്‍ശന്‍ ഭാഗമാവുന്നതും ഇതേ ആന്തോളജിയാണെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!