തെലുങ്കിലെ 'ബോബി' ബിജു മേനോന്‍? ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍

By Web TeamFirst Published Aug 24, 2021, 9:20 AM IST
Highlights

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന റീമേക്കിന് 'ഗോഡ്‍ഫാദര്‍' എന്നാണ് പേരിട്ടിരിക്കുന്നത്

പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രോജക്റ്റ് ആണ് മെഗാഹിറ്റ് ചിത്രം 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക്. റീമേക്ക് അവകാശം വാങ്ങിയ ചിരഞ്ജീവി തന്നെയാണ് തെലുങ്കില്‍ നായകനാവുന്നതും. അതേസമയം 'സ്റ്റീഫന്‍ നെടുമ്പള്ളി'യെക്കൂടാതെ നിരവധി പ്രാധാന്യമുള്ള കഥാപാത്രങ്ങളുണ്ടായിരുന്ന ലൂസിഫറിന്‍റെ റീമേക്കില്‍ ആ കഥാപാത്രങ്ങളെയൊക്കെ ആരവതരിപ്പിക്കും എന്നത് സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചയാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദിനെ തെലുങ്കില്‍ അവതരിപ്പിക്കാനായി ചിരഞ്ജീവി സാക്ഷാല്‍ സല്‍മാന്‍ ഖാനെ സമീപിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം അത് നിരസിച്ചെന്നും. ഇപ്പോഴിതാ മറ്റൊരു പ്രധാന താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ലൂസിഫറിലെ പ്രതിനായക കഥാപാത്രമായിരുന്ന 'ബോബി'യെ അവതരിപ്പിക്കുന്ന താരത്തെക്കുറിച്ചാണ് അത്.

മലയാളികളെ സംബന്ധിച്ച് സര്‍പ്രൈസ് ആണ് ആ സ്റ്റാര്‍ കാസ്റ്റ്. ബിജു മേനോനെയാണ് ബോബിയുടെ റോളിലേക്ക് തെലുങ്കില്‍ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിജു മേനോനെ ഉറപ്പിച്ചു എന്ന തരത്തില്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നാലേ ഈ കാര്യം ഉറപ്പിക്കാനാവൂ. ഒടിടി റിലീസിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വീകാര്യത നേടിയ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. ചിത്രം ബിജു മേനോനും കേരളത്തിന് പുറത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. ഈ ചിത്രവും തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ബിജു മേനോന്‍റെ റോളില്‍ പവന്‍ കല്യാണ്‍ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 

അതേസമയം മോഹന്‍ രാജയാണ് 'ലൂസിഫര്‍' തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. 'ഗോഡ്‍ഫാദര്‍' എന്നാണ് റീമേക്കിന് പേരിട്ടിരിക്കുന്നത്.  മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്‍റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!