എംടിയുടെ തിരക്കഥയില്‍ ഈ വര്‍ഷം സിനിമയെന്ന് പ്രിയദര്‍ശന്‍; 'രണ്ടാമൂഴ'മോ എന്ന ചര്‍ച്ചയില്‍ സിനിമാപ്രേമികള്‍

By Web TeamFirst Published Apr 2, 2021, 7:44 PM IST
Highlights

വി എ ശ്രീകുമാറിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന 'രണ്ടാമൂഴം' മുടങ്ങിപ്പോയിരുന്നു. എംടിക്കും ശ്രീകുമാറിനും ഇടയിലുണ്ടായ നിയമതര്‍ക്കത്തിനു പിന്നാലെ ചിത്രത്തിന്‍റെ തിരക്കഥ ശ്രീകുമാര്‍ എംടിയെ തിരിച്ചേല്‍പ്പിച്ചിരുന്നു. 

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് ഇനിയും പൂര്‍ത്തീകരിക്കാത്ത തന്‍റെ ആഗ്രഹമാണെന്ന് പലതവണ പറഞ്ഞിട്ടുള്ള ആളാണ് പ്രിയദര്‍ശന്‍. എന്നാല്‍ പ്രിയദര്‍ശന്‍റെ ആ ആഗ്രഹം വൈകാതെ സാധിക്കും എന്നതാണ് ഏറ്റവും പുതിയ വിവരം. പ്രിയദര്‍ശന്‍ തന്നെയാണ് ഒരു പുതിയ അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് എന്‍ഐടിയുടെ വാര്‍ഷിക സാംസ്‍കാരികോത്സവമായ 'രാഗ'ത്തിന്‍റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറയുന്നത്.

എക്കാലത്തെയും വലിയ ആഗ്രഹമായ, എംടിയുടെ തിരക്കഥയില്‍ ഒരു സിനിമ എന്നത് അടുത്ത് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍റെ മറുപടി ഇങ്ങനെ- "തീര്‍ച്ഛയായും. ഒരു വലിയ സിനിമയല്ലെങ്കില്‍ ഒരു ചെറിയ സിനിമ ഈ വര്‍ഷം തന്നെ എംടി സാറിന്‍റെ കൂടെ ഉണ്ട്". എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ നല്‍കാനാവില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. അതേസമയം പ്രിയദര്‍ശന്‍ പറയുന്ന എംടിയുടെ തിരക്കഥ 'രണ്ടാമൂഴം' ആയിരിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍. വി എ ശ്രീകുമാറിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന 'രണ്ടാമൂഴം' മുടങ്ങിപ്പോയിരുന്നു. എംടിക്കും ശ്രീകുമാറിനും ഇടയിലുണ്ടായ നിയമതര്‍ക്കത്തിനു പിന്നാലെ ചിത്രത്തിന്‍റെ തിരക്കഥ ശ്രീകുമാര്‍ എംടിയെ തിരിച്ചേല്‍പ്പിച്ചിരുന്നു. 

കഴിഞ്ഞ ഒക്ടോബറില്‍ ഇത് വാര്‍ത്തയായ സമയത്തേ 'രണ്ടാമൂഴ'ത്തിന്‍റെ സംവിധായകനായി വരാന്‍ സാധ്യയുള്ള ഒരാളായി പ്രിയദര്‍ശന്‍റെ പേര് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. 'മരക്കാര്‍' പോലെ മലയാളത്തിലെ ഏറ്റവും വലിയ സിനിമ സംവിധാനം ചെയ്‍ത പ്രിയദര്‍ശന് 'രണ്ടാമൂഴം' നന്നായി ചെയ്യാനാവുമെന്നാണ് ചില നിരീക്ഷണങ്ങള്‍. 'രണ്ടാമൂഴം' ആണെങ്കിലും അല്ലെങ്കിലും എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കുമോ നായകനെന്നും ആരാധകര്‍ ആകാംക്ഷ കൊള്ളുന്നുണ്ട്. 

അതേസമയം ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് പുരസ്‍കാരങ്ങള്‍ മരക്കാര്‍ നേടിയിരുന്നു. മികച്ച ചിത്രം, സ്പെഷല്‍ എഫക്റ്റ്സ്, വസ്ത്രാലങ്കാരം എന്നിവയാണ് അവാര്‍ഡുകള്‍. മെയ് 13 ആണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി. 

click me!