
ബോക്സ് ഓഫീസിലെ വേഗക്കണക്കില്‍ ഇന്ത്യന്‍ സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തെ നോക്കി പുഞ്ചിരിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍ 2. ഡിസംബറില്‍ റിലീസ് ചെയ്യപ്പെട്ട ആദ്യ ഭാഗത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 1400 കോടി ആയിരുന്നെങ്കില്‍ രണ്ടാം ഭാഗം വെറും ഒരാഴ്ച കൊണ്ടാണ് 1000 കോടി ക്ലബ്ബില്‍ എത്തിയത്. അതിന് ശേഷവും കളക്ഷനില്‍ വലിയ ഇടിവൊന്നുമില്ലാതെ തിയറ്ററുകളില്‍ തുടരുകയാണ് ചിത്രം. ഇക്കഴിഞ്ഞ ഞായറാഴ്ച പകല്‍ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 45,000 ന് മുകളില്‍ ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരുന്നത്. സ്വാഭാവികമായും ഇന്ത്യയൊട്ടാകെയുള്ള, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ തിയറ്റര്‍ ഉടമകളുടെ ആദ്യ ചോയ്സ് ധുരന്ധര്‍ 2 ആണ്. ചിത്രം ഇപ്പോഴും മികച്ച ഒക്കുപ്പന്‍സിയോടെ തിയറ്ററുകളില്‍ തുടരുന്നത് മറ്റ് ചിത്രങ്ങളുടെ റിലീസിനെപ്പോലും ബാധിക്കുന്ന സാഹചര്യവുമുണ്ട്. ധുരന്ധര്‍ 2 കാരണം പ്രിയദര്‍ശന്‍റെ ബോളിവുഡ് ചിത്രം ഭൂത് ബംഗ്ല നേരത്തെ പ്രഖ്യാപിച്ച ദിവസം എത്തില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 10 ആണ് ഭൂത് ബംഗ്ലയുടെ പ്രഖ്യാപിച്ചിട്ടുള്ള റിലീസ് തീയതി. എന്നാല്‍ ചിത്രം ഏപ്രില്‍ 17 ലേക്ക് മാറ്റിയിട്ടുണ്ടെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ധുരന്ധര്‍ 2 നിര്‍മ്മാതാക്കള്‍ തിയറ്റര്‍ ഉടമകളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍. ഭൂത് ബംഗ്ല തിയറ്ററുകളില്‍ എത്തുന്ന ആഴ്ച ധുരന്ധര്‍ 2 ന് 10,000 ഷോകള്‍ ലഭിക്കണമെന്നാണ് നിര്‍മ്മാതാക്കളായ ജിയോ സ്റ്റുഡിയോസിന്‍റെ നിലപാടെന്നും അല്ലാത്തപക്ഷം ചിത്രം തിയറ്ററുകളില്‍ നിന്ന് തങ്ങള്‍ പിന്‍വലിക്കുമെന്ന് ജിയോ സ്റ്റുഡിയോസിന്‍റെ ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ദീപക് ശര്‍മ്മ തിയറ്ററുകാരെ അറിയിച്ചുവെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അസാധാരണ വിജയം നേടിയ ചിത്രം നല്‍കുന്ന ഒരു രൂപ പോലും ഇനിയും മിസ് ആക്കരുതെന്നാണ് തിയറ്റര്‍ ഉടമകളുടെയും ആഗ്രഹം. അതിനാല്‍ത്തന്നെ ഈ ഭീഷണിയെ നേരിടാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഏപ്രില്‍ 10 നുള്ളില്‍ ധുരന്ധര്‍ 2 1000 കോടി കടക്കുമെന്നും അക്ഷയ് കുമാര്‍ നായകനാവുന്ന ഭൂത് ബംഗ്ലയ്ക്ക് ഒരു മീഡിയം ബജറ്റ് അക്ഷയ് കുമാര്‍ ചിത്രത്തിന് ലഭിക്കുന്ന ബഹുമാനം തിയറ്ററുകളില്‍ നിന്ന് ലഭിക്കുമെന്നുമാണ് അതിന്‍റെ നിര്‍മ്മാതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മുന്‍പേ 1000 കോടി ക്ലബ്ബില്‍ എത്തിയ ധുരന്ധര്‍ 2 നിര്‍മ്മാതാക്കള്‍ തിയറ്ററുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് വാസ്തവം. മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജിയോ സ്റ്റുഡിയോസിനെ എതിര്‍ക്കാന്‍ ഈ ഘട്ടത്തില്‍ ഇഷ്ടപ്പെടുന്നില്ല. മള്‍ട്ടിപ്ലെക്സുകള്‍ക്ക് മാത്രമല്ല, സിംഗിള്‍ സ്ക്രീനുകള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട് ജിയോ സ്റ്റുഡിയോസ്. ഭൂത് ബംഗ്ലയുടെ റിലീസ് വാരത്തിലും ധുരന്ധര്‍ 2 ന് നാല് ഷോകളും വേണമെന്നതാണ് അത്. അതിനാല്‍ത്തന്നെ ഏപ്രില്‍ 17 ലേക്ക് റിലീസ് മാറ്റുകയല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റ് വഴികള്‍ ഇല്ലെന്നാണ് ഭൂത് ബംഗ്ല നിര്‍മ്മാതാക്കളുടെ നിലപാട്. അതേസമയം പ്രിയദര്‍ശന്‍റെ ശിഷ്യരിലൊരാളാണ് ധുരന്ധര്‍ 2 സംവിധായകനായ ആദിത്യ ധര്‍ എന്നതും കൗതുകം പകരുന്ന ഒന്നാണ്. ഭൂത് ബംഗ്ല പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ ആദിത്യയെക്കുറിച്ചും ധുരന്ധര്‍ 2 നെക്കുറിച്ചും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ