‘അതെല്ലാം നിങ്ങള്‍ മറന്നിരിക്കുന്നു‘; അന്യൻ ബോളിവുഡ് റിമേക്കിനെതിരെ നിർമ്മാതാവ്

By Web TeamFirst Published Apr 15, 2021, 2:56 PM IST
Highlights

സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന 'അന്യന്‍' വിക്രത്തിന്‍റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു. 

ഴിഞ്ഞ ദിവസമാണ് വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്‍ത 'അന്യന്‍' എന്ന ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുന്നുവെന്ന വാർത്ത പുറത്തുവന്നത്. രൺവീർ സിം​ഗാണ് നായകനാകുന്നതെന്നായിരുന്നു ശങ്കർ അറയിച്ചത്. ഇപ്പോഴിതാ ബോളിവുഡ് റീമേക്കിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് നിര്‍മാതാവ് വി. രവിചന്ദ്രന്‍.

ചിത്രത്തിന്റെ കോപ്പിറൈറ്റ് അവകാശം നിര്‍മാതാവിനാണെന്നും അത് ലംഘിക്കാൻ സംവിധായകന് അധികാരമില്ലെന്നും രവിചന്ദ്രന്‍ ശങ്കറിന് അയച്ച നോട്ടീസിൽ പറയുന്നു. ചിത്രത്തിന്റെ കഥ എഴുത്തുകാരന്‍ സുജാതയില്‍ നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും അതുകൊണ്ട് തന്നെ പൂര്‍ണ ഉടമസ്ഥാവകാശം തനിക്കാണെന്നും രവിചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

'ബോയ്‌സ് എന്ന ചിത്രം പരാജയമായതിന് ശേഷം നിങ്ങള്‍ മാസസിക സമ്മര്‍ദ്ദത്തിലായിരുന്നു. എന്നിട്ടും ഞാന്‍ നിങ്ങള്‍ക്ക് അന്യന്‍ സംവിധാനം ചെയ്യാനുള്ള അവസരംതന്നു. എന്റെ പിന്തുണ കാരണമാണ് നിങ്ങള്‍ക്ക് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനായത്. അതെല്ലാം നിങ്ങള്‍ മറന്നിരിക്കുകയാണിപ്പോള്‍. ബോളിവുഡ് റീമേക്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തിവയ്ക്കണം. നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്.' രവിചന്ദ്രന്‍റെ നോട്ടീസില്‍ പറയുന്നു. 

Read More: 16 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡിലേക്ക് പുനരവതരിക്കാന്‍ 'അന്ന്യന്‍'; ഇക്കുറി നായകന്‍ രണ്‍വീര്‍

'അന്യനി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്ത് സംഭവിക്കുന്ന കഥ ഹിന്ദിയിലാവും സിനിമയാവുക. നായകനാവുന്നത് രണ്‍വീര്‍ സിഗും. റീമേക്ക് എന്നതിനു പകരം 'ഒഫിഷ്യല്‍ അഡാപ്റ്റേഷന്‍' എന്നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഷങ്കര്‍ പറഞ്ഞിരിക്കുന്നത്. പെന്‍ മൂവീസിന്‍റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയായിരിക്കും നിര്‍മ്മാണം.

സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന 'അന്യന്‍' വിക്രത്തിന്‍റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു. കേരളത്തിലുള്‍പ്പെടെ റിലീസ് സമയത്ത് സിനിമാപ്രേമികള്‍ക്കിടയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച ചിത്രമാണിത്. ഹാരിസ് ജയരാജിന്‍റെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ആസ്‍കാര്‍ ഫിലിംസിന്‍റെ ബാനറില്‍ വി രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം രവി വര്‍മ്മനും വി മണികണ്ഠനും ചേര്‍ന്ന് ആയിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമെന്ന നിലയില്‍ ഒരുക്കപ്പെടുന്ന പുതിയ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിനു തന്നെ ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്റ്റ് ആയി മാറുകയാണ്. 

click me!