
ചെന്നൈ: ജനനായകൻ റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. ജുഡീഷ്യറിയെ വിശ്വാസം ഉണ്ടെന്ന് പറഞ്ഞ നിർമാതാക്കൾ, ചിത്രം വൈകുന്നതിൽ ആരാധകരോട് മാപ്പ് ചോദിക്കുകയും ചെയ്തു. അർഹമായ യാത്രയയപ്പ് വിജയ്ക്ക് ലഭിക്കണമെന്നാണ് ആഗ്രഹം എന്നും കമ്പനി ഉടമ വെങ്കട്ട് കെ.നാരായണ വ്യക്തമാക്കി. സിനിമ ഉടൻ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.
അതേസമയം, വിവാദത്തിൽ വിജയ് മൗനം തുടരുന്നതിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. എം കെ സ്റ്റാലിൻ സെൻസർ ബോർഡിനെതിരെ രംഗത്ത് വന്നിട്ടും വിജയ് പ്രതികരിക്കുന്നില്ലെന്നാണ് ആക്ഷേപം. വിഷയത്തിൽ ടിവികെ പ്രതികരിച്ചിട്ടുണ്ട്. റിലീസ് തടഞ്ഞത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നത് വ്യക്തമെന്ന് ജനറൽ സെക്രട്ടറി കെ.ജി.അരുൺരാജ് പറഞ്ഞു. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നിർമ്മാണകമ്പനി ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ആദ്യ പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി.
വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ. കേസ് പൊങ്കൽ അവധിക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ജനനായകൻ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്റ്റേ വന്നിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി വന്നില്ലെങ്കില്‍ പൊങ്കലിന് അപ്പുറത്തേക്ക് ജനനായകന്‍റെ റിലീസ് മാറുമെന്ന് ഉറപ്പാണ്. ഇനി 21ന് ശേഷമാണ് കേസ് പരിഗണിക്കുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ