
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഗുഡ് വില്‍ എന്‍റര്‍ടെയ്മെന്‍റ് ഉടമ ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് നിര്‍മ്മാതാവില്‍ നിന്നും വധഭീഷണി നേരിടുന്ന കാര്യം വ്യക്തമാക്കിയത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയിലൂടെ യുവനടന്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ താര സംഘടന അമ്മയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഷെയ്ന്‍.
ഇതിനിടയിലാണ് നിര്‍മ്മാതാവ് സംഭവത്തില്‍ വിശദീകരണവുമായി വരുന്നത്. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറയുന്നു.
...പേടിയാണ്, കേരളത്തില്‍ ജീവിക്കാന്‍ വിടില്ലെന്ന് പറയുന്നു; വധഭീഷണി വെളിപ്പെടുത്തി ഷെയ്ന്‍ നിഗം...
അതേ സമയം ഷെയ്ന്‍ ബുധനാഴ്ച ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചത് ഇങ്ങനെയാണ്- ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നു.
ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്. തന്നോടും,കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയത്.
"
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ