വാർത്ത അടിസ്ഥാനരഹിതം, 'കാളിയൻ' സിനിമയിലേക്ക് പുതുതായി കാസ്റ്റിംഗ് കാൾ ഇല്ലെന്ന് നിർമാതാവ്

By Web TeamFirst Published Nov 30, 2022, 7:21 PM IST
Highlights

പഴയ തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമാണ് കാളിയൻ.

പൃഥ്വിരാജ് നായകനാവുന്ന 'കാളിയൻ' എന്ന സിനിമയിലേക്ക് പുതുതായി കാസ്റ്റി​ഗ് കാൾ ഇല്ലെന്ന് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ. സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്താൻ മാർച്ച്‌ മാസത്തിൽ ഓഡിഷൻ നടത്തുന്നതായി ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അ​ദ്ദേഹം പറഞ്ഞു. 

കാളിയൻ സിനിമയ്ക്കുവേണ്ടി ഇക്കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ അഞ്ച് കേന്ദ്രങ്ങളിലായി നടത്തിയ ഓഡിഷനിൽ ഏഴായിരത്തോളം പേർ പങ്കെടുത്തിരുന്നു. ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് അറിയിപ്പുകൾ നൽകി വരികയാണ്. ഇവർക്കുള്ള പരിശീലന പരിപാടി വൈകാതെ നടക്കുമെന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സിനിമയിലേക്ക് പുതിയ ഓഡിഷൻ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും നിർമ്മാതാവ് വ്യക്തമാക്കി. മാജിക്‌ മൂൺ പ്രോഡക്ഷൻസിനു വേണ്ടി ബി ടി അനിൽ കുമാറിന്റെ തിരക്കഥയിൽ ഡോ എസ് മഹേഷ്‌സംവിധാനം ചെയ്യുന്ന  കാളിയൻ ചിത്രത്തിന്റെ പ്രീ പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും രാജീവ് ഗോവിന്ദൻ അറിയിച്ചു.

പഴയ തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമാണ് കാളിയൻ. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഡിസംബറിൽ ആരംഭിക്കുമെന്നാണ് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. നാല് വർഷങ്ങൾക്ക് മുമ്പാണ് കാളിയൻ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ്. കെജിഎഫ്, സലാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍രൂര്‍ ആണ് കാലിയന് സംഗീതം പകരുന്നത്. പി ടി അനില്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ദേശീയ അവാർഡ് ജേതാവ് ബംഗ്ലൻ ആണ് പ്രൊഡക്ഷൻ ഡിസൈന്‍. വസ്ത്രാലങ്കാരം സുജിത് സുധാകർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ നിരവധി കളരിപ്പയറ്റ് രംഗങ്ങളും ഉണ്ടാവും.

'ശ്രീനി പഴയ ശ്രീനിയായി മാറി, നന്ദി പറയേണ്ടത് വിനീതിനോടും വിമലയോടും': സത്യന്‍ അന്തിക്കാട്

click me!