
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ആട് 3. ഒരിടവേളയ്ക്ക് ശേഷം ഷാജി പാപ്പനും പിള്ളേരും വീണ്ടും കളത്തിലിറങ്ങിയപ്പോൾ പ്രേക്ഷകർക്കും ആവേശം ഏറെ. മികച്ച ബോക്സ് ഓഫീസ് കളക്ഷൻ അടക്കം നേടി മുന്നേറുകയാണ് ആട് 3 ഇപ്പോൾ. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ സിനിമ റിലീസ് ചെയ്തതിനെ കുറിച്ചും അവിടെയുള്ള ജനങ്ങൾ ഏറ്റെടുത്തതിനെ കുറിച്ചും പറയുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി ഇപ്പോൾ.
ജനങ്ങൾ തീയറ്ററിലേക്ക് വരുമോയെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും വെറും രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം രണ്ട് ലക്ഷം പേർ മിഡിൽ ഈസ്റ്റിൽ സിനിമ കാണാൻ തീയറ്ററുകളിലെത്തിയെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ നേട്ടത്തിൽ കണ്ണുനിറഞ്ഞുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ കയ്യൊപ്പുകൾ:---
മിഡിൽ ഈസ്റ്റിൽ അശാന്തിയുടെയും, ഭീതിയുടെയും നിഴലിലൂടെയാണ് ഈ വർഷത്തെ റംസാനും ചെറിയ പെരുന്നാളും കടന്നുപോയത്. നമ്മുടെ സിനിമ "ആട് 3" മാർച്ച് 19ന് റിലീസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ, ഇവിടെ യുദ്ധഭീതിയുടെ ഒരു സൂചനപോലും ഉണ്ടായിരുന്നില്ല. എന്നാൽ ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചതോടെ സാഹചര്യങ്ങൾ പൂർണമായും മാറിമറിഞ്ഞു.
ഒപ്പം റിലീസ് ചെയ്യാനിരുന്ന പല സിനിമകളും മാറ്റിവെക്കപ്പെട്ടു. മിഡിൽ ഈസ്റ്റിലെ ഡിസ്ട്രിബ്യൂട്ടർമാരും യുദ്ധ സാഹചര്യത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി, മുൻകൂട്ടി തീരുമാനിച്ചിരുന്ന ഡീലുകളിൽ നിന്ന് പിന്നോട്ട് പോയി. നാട്ടിലെ പല പ്രൊഡ്യൂസർമാരും സിനിമാ സുഹൃത്തുക്കളും റിലീസ് മാറ്റിവെക്കാൻ നിർദേശിച്ചു. എന്നാൽ, 36 വർഷത്തെ പ്രവാസജീവിതം എനിക്ക് പശ്ചിമേഷ്യയിലെ ജനങ്ങളുടെ മനസ്സും, ഈ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ കഴിവും മനസ്സിലാക്കാൻ സഹായിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇവിടുത്തെ സംവിധാനങ്ങൾ എത്ര ശക്തമാണെന്ന് പലവട്ടം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.
ഈ പ്രതിസന്ധി സാഹചര്യത്തിലും എല്ലാ ജിസിസി രാജ്യങ്ങളും സിനിമയ്ക്ക് സെൻസറിംഗ് പൂർത്തിയാക്കി. തീയറ്ററുകൾ ആവേശത്തോടെ പ്രദർശനത്തിനൊരുങ്ങി. ജനങ്ങൾ തീയറ്ററിലേക്ക് വരുമോയെന്ന സംശയം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിലും, സിനിമയിലുള്ള വിശ്വാസവും ദൈവത്തിന്റെ അനുഗ്രഹവും ചേർത്ത് ഞങ്ങൾ മുന്നോട്ട് പോയി. അതിന്റേതായ ഫലം കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി. വെറും രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം രണ്ട് ലക്ഷം പേർ മിഡിൽ ഈസ്റ്റിൽ ഈ സിനിമ കാണാൻ തീയറ്ററുകളിലെത്തി. ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടം.
"ആട് 3" ഒരു ലോകോത്തര സിനിമയാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ കുടുംബസമേതം നർമ്മവും, ആകാംക്ഷയും നിറഞ്ഞ മൂന്ന് മണിക്കൂർ ആഘോഷിക്കാൻ കഴിയുന്ന ഒരു മനോഹര അനുഭവമാണ് ഈ സിനിമ. ഇത്തരം ടെൻഷൻ നിറഞ്ഞ ദിവസങ്ങളിൽ, ഇത്തരം സിനിമകൾക്ക് പ്രത്യേക സ്ഥാനമുണ്ട്, ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഈ സിനിമയെ ജനഹൃദയങ്ങളിൽ എത്തിച്ച ഇതിൻറെ എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവലിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഓരോ സാങ്കേതിക പ്രവർത്തകനും, അഭിനേതാക്കളും, പിന്തുണച്ച എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ചിത്രമാണിത്.
ഫ്രൈഡേ ഫിലിംസിന്റെ വിജയ് ബാബുവും ,ഞാനും ചേർന്ന് എടുത്ത ഒരു വലിയ റിസ്കിന്റെ ഫലമാണ് "ആട് 3". വലിയ ബഡ്ജറ്റിൽ ഈ സിനിമയിൽ പങ്കാളിയായപ്പോൾ പലരും സംശയത്തോടെ നോക്കിയിരുന്നു. എന്നാൽ കഥയിലും , തിരക്കഥയിലും ഉണ്ടായിരുന്ന എൻറെ വിശ്വാസം നമ്മെ മുന്നോട്ട് നയിച്ചു. ഫ്രൈഡേ ഫിലിംസിന്റെ ആത്മാർത്ഥ സഹകരണവും, കാവ്യ ഫിലിംസിലെ എന്റെ പ്രിയപ്പെട്ടവരുടെ പിന്തുണയും ഈ യാത്ര മനോഹരമാക്കി. "ആട് 3"യുടെ വിജയം, കാവ്യ ഫിലിംസിനോടുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതുമാണ്.
കേരളത്തിലും മിഡിൽ ഈസ്റ്റിലും ജനങ്ങൾ ഈ സിനിമയെ ഉത്സവമാക്കിയിരിക്കുകയാണ്. ദൈവത്തിന്റെ കയ്യൊപ്പ് ഈ സിനിമയിലും ഉണ്ടെന്നത് തീർച്ചയാണ്. അശാന്തിയുടെ കാർമേഘങ്ങൾ അകന്ന്, സമാധാനവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ എത്രയും വേഗം എത്തട്ടെ. അതിനായി നമുക്ക് പ്രാർത്ഥിക്കാം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ