ഒടിടി റിലീസിൽ നിന്ന് പിന്മാറില്ല, വിവാദം തെറ്റിദ്ധാരണയെത്തുടര്‍ന്നെന്ന് വിജയ് ബാബു

By Web TeamFirst Published Jun 3, 2020, 9:01 AM IST
Highlights

വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒടിടി റിലീസിന് തീരുമാനിച്ചതോടെയാണ് ഓണ്‍ലൈൻ റിലീസ് ചര്‍ച്ചയായത്. ഇതോടെ വിജയ് ബാബുവിന്‍റെ സിനിമകള്‍ ഇനി തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഉടമകളും തീരുമാനിച്ചു. 

കൊച്ചി: ജയസൂര്യ നായകനായ സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. റിലീസിനെ ചൊല്ലിയുണ്ടായ വിവാദം തെറ്റിദ്ധാരണയുടെ പുറത്താണെന്നും വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ മലയാള സിനിമയിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം ഓണ്‍ലൈൻ റിലീസ് ആയിരുന്നു. വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒടിടി റിലീസിന് തീരുമാനിച്ചതോടെയാണ് ഓണ്‍ലൈൻ റിലീസ് ചര്‍ച്ചയായത്. ഇതോടെ വിജയ് ബാബുവിന്‍റെ സിനിമകള്‍ ഇനി തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഉടമകളും തീരുമാനിച്ചു. 

ഇതെല്ലാം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നെന്ന് വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മലയാളത്തിലെ മുഴുവൻ സിനിമകളും ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറുകയാണെന്ന തെറ്റിദ്ധാരണ തിയ്യേറ്റര്‍ ഉടമകള്‍ക്കുണ്ടായി. സൂഫിയും സുജാതയും ഒടിടി പ്ലാറ്റ്ഫോമില്‍ തന്നെ റിലീസ് ചെയ്യുമെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. തിയ്യേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ മറ്റ് പല നിര്‍മ്മാതാക്കളും ഒടിടി റിലീസിന് താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നതിനാല്‍ പിന്മാറി. തിയ്യേറ്റര്‍ ഉടമകളെ പിണക്കേണ്ടി വരുമെന്നതും തീരുമാനത്തിന് ഒരു കാരണമായിരുന്നു. 

click me!