
നടൻ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ചുവെന്ന പരാതിയില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെടുന്നു. വിവാദ അഭിമുഖം നടന്ന ദിവസം നടനൊപ്പമുണ്ടായിരുന്നവരെ വിളിച്ച് വരുത്തും. അവതാരക നൽകിയ പരാതിയിലാണ് നടപടി. മൊഴികൾ വിലയിരുത്തിയ ശേഷമായിരിക്കും ശ്രീനാഥ് ഭാസിക്ക് എതിരായ നടപടി തീരുമാനിക്കുക.
സംഭവത്തിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്‍ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.
കേസില്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. എന്നാൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി, അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല.
കൊച്ചിയിൽ 'ചട്ടമ്പി' എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു കേസിന് ആസ്‍പദമായ സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. ഒരു റേഡിയോ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം.
Read More : ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും, സാമ്പിളുകൾ ശേഖരിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ