
ഹൈദരാബാദ്: തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥ് വിജയ് സേതുപതി നായകനാകുന്ന തന്‍റെ അടുത്ത ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഇതുവരെ പരിചിതമല്ലാത്ത ഒരു കോമ്പിനേഷനാണ് ഈ ചിത്രത്തില്‍ സിനിമാ പ്രേമികളെ കാത്തിരിക്കുന്നത്. തബുവും കന്നട താരം ദുനിയ വിജയും പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.
തുടക്കം മുതൽ തന്നെ ഈ പൂർണ്ണ ആക്ഷൻ എന്‍റര്‍ടെയ്നറായ ചിത്രത്തില്‍ രാധിക ആപ്‌തെ ഒരു പ്രധാന വേഷം ചെയ്യുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ താൻ ഈ പ്രോജക്റ്റിൽ ഇല്ലെന്ന് കഴിഞ്ഞ ദിവസം രാധിക തന്നെ സ്ഥിരീകരിച്ചു. ഇത്തരം അഭ്യൂഹ വാര്‍ത്തകള്‍ വായിച്ചപ്പോൾ താൻ അത്ഭുതപ്പെട്ടുവെന്നാണ് തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെ മാധ്യമങ്ങളോട് സംസാരിച്ച രാധിക പറഞ്ഞത്.
അതേ സമയം മലയാളി നടി നിവേത തോമസ് ഈ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് ഇപ്പോൾ റിപ്പോര്‍ട്ട് വരുന്നത്. '35' എന്ന ചിത്രത്തിലെ അഭിനയത്തിന് നിവേത അടുത്തിടെ വ്യാപകമായ പ്രശംസ നേടിയിരുന്നു. ഇത് അവർക്ക് ആന്ധ്ര സര്‍ക്കാറിന്‍റെ ഗദ്ദർ അവാർഡും നേടിക്കൊടുത്തിരുന്നു. എന്തായാലും നിവേത തോമസ്ഉ ചിത്രത്തിലുണ്ടോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്. ചാർമി കൗറും പുരി ജഗന്നാഥും സംയുക്തമായാണ് ഈ പ്രൊജക്ട് പുരി കണക്ടിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്നത്.
ലൈഗര്‍, ഐ 2 സ്മാര്‍ട്ട് പോലുള്ള വമ്പന്‍ ഫ്ലോപ്പുകളില്‍പ്പെട്ട പുരി ജഗന്നാഥിന് പുതിയ ചിത്രം ആശ്വസമാകുമോ എന്നാണ് തെലുങ്ക് സിനിമ ലോകം ഉറ്റുനോക്കുന്നത്. പോക്കിരി പോലുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജഗന്നാഥും നടി ചാർമി കൗറിനൊപ്പമാണ് പടം നിര്‍മ്മിക്കുന്നത്. സേതുപതിക്കൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് ഏപ്രില്‍ മാസത്തില്‍ സംവിധായകന്‍ സോഷ്യൽ മീഡിയയിൽ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്.
എല്ലാ ഭാഷകളിലേക്കും ഉള്ള ഒരു പാന്‍ ഇന്ത്യന്‍ മാസ്റ്റര്‍ പീസാണ് ഒരുങ്ങുന്നത് എന്നാണ് പോസ്റ്റ് നല്‍കുന്ന സൂചന. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും എന്നാണ് വിവരം. എന്നാല്‍ പൂർണ്ണ ആക്ഷൻ എന്‍റര്‍ടെയ്നര്‍ എന്നതിനപ്പുറം ചിത്രത്തിന്‍റെ പ്ലോട്ട് എന്താണ് എന്നത് സംബന്ധിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ലഭ്യമല്ല.