
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ സാമ്പത്തിക വിജയമാണ് നിലവില്‍ പുഷ്‍പ 2. നിര്‍മ്മാതാക്കള്‍ ജനുവരി 6 ന് പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 1831 കോടിയാണ്. 20 മിനിറ്റ് അധിക രംഗങ്ങളുമായി ചിത്രത്തിന്‍റെ റീലോഡഡ് പതിപ്പ് 17-ാം തീയതി നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തിരുന്നു. കളക്ഷനില്‍ വലിയ വിസ്മയങ്ങളൊന്നും ഇതുവരെ കാട്ടിയിട്ടില്ലെന്നും ചിത്രം ഇപ്പോഴും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നുണ്ട് എന്ന് മാത്രമല്ല 36 ദിവസത്തിന് ശേഷം തിയറ്ററുകളിലെത്തിയ തെലുങ്ക് ചിത്രം ഗെയിം ചേഞ്ചറിനെ ടിക്കറ്റ് വില്‍പ്പനയില്‍ മറികടക്കുകയുമാണ് പുഷ്പ 2.
123 തെലുങ്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഗെയിം ചേഞ്ചര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 25,600 ല്‍ അധികം ടിക്കറ്റുകളാണ്. ഇതേ സമയം കൊണ്ട് 26,900 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റ് പുഷ്പ 2 ഇതിനെ മറികടന്നിരിക്കുകയാണ്. അവസാന മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ പുഷ്പ 2 2500 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റപ്പോള്‍ ഗെയിം ചേഞ്ചര്‍ വിറ്റിരിക്കുന്നത് 1900 ടിക്കറ്റുകളാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ശനിയാഴ്ച പുഷ്പ 2 നേടിയിരിക്കുന്നത് 1.10 കോടിയാണ്. ഞായറാഴ്ചത്തെ കണക്കില്‍ വര്‍ധനവ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു പുഷ്പ 2 ദി റൂള്‍. 2021 ല്‍ പുറത്തെത്തിയ പുഷ്പ 2 ദി റൈസ് നല്‍കിയ വമ്പന്‍ ജനപ്രീതിയും വിജയവും തന്നെയായിരുന്നു പ്രേക്ഷകരുടെ ഈ പ്രതീക്ഷയ്ക്ക് കാരണം. പുഷ്പ 2 തിയറ്ററുകളിലെത്തിയപ്പോള്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകരാണ് കൂടുതല്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കിയത്. രശ്മിക മന്ദാന നായികയായ ചിത്രത്തില്‍ ഫഹദ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : 'ബെസ്റ്റി' ഓഡിയോ ലോഞ്ച് മുംബൈയില്‍ നടന്നു