ഒടിടി വില്‍പ്പനയിലും നേട്ടമുണ്ടാക്കി 'പുഷ്‍പ'; നാല് ഭാഷാ പതിപ്പുകള്‍ക്ക് ആമസോണ്‍ പ്രൈം നല്‍കിയ തുക

By Web TeamFirst Published Jan 6, 2022, 11:51 PM IST
Highlights

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകളാണ് പ്രൈമില്‍ എത്തുന്നത്

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയറ്ററുകള്‍ മാസങ്ങള്‍ അടഞ്ഞുകിടന്ന വര്‍ഷമായിരുന്നു 2021. ഒടിടി എന്ന പുതിയൊരു വഴി സിനിമാമേഖലയ്ക്ക് ജീവന്‍രക്ഷയായപ്പോള്‍ തിയറ്റര്‍ വ്യവസായം തകരാതെ പിടിച്ചുനില്‍ക്കുകയും ചെയ്‍തു. രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ പല ഭാഷാ സിനിമാ മേഖലകളിലായി ഒരുപിടി ഹിറ്റുകളും പിറന്നു. അക്കൂട്ടത്തില്‍ കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച നേട്ടം കൊയ്‍തത് അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ 'പുഷ്‍പ'യായിരുന്നു (Pushpa). തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെയാണ് നേടിയത്. തിയറ്റര്‍ റിലീസിനു പിന്നാലെ ആമസോണ്‍ പ്രൈമിലൂടെ (Amazon Prime Video) ഒടിടി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം അവിടെയും കാര്യമായ നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദി ഒഴികെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകളാണ് ജനുവരി 7 മുതല്‍ പ്രൈം വീഡിയോ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. ഈ നാല് ഭാഷാ പതിപ്പുകള്‍ക്കായി ആമസോണ്‍ പ്രൈം നിര്‍മ്മാതാക്കള്‍ക്ക് 27- 30 കോടി രൂപയാണ് നല്‍കിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആഫ്റ്റര്‍ തിയറ്റര്‍ റിലീസിന് ലഭിക്കുന്ന മികച്ച ഒടിടി ഡീല്‍ ആണ് ഇത്. നേരത്തെ ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മലയാളചിത്രം ദൃശ്യം 2ന് ആമസോണ്‍ പ്രൈം വീഡിയോ നല്‍കിയത് 30 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം പുഷ്‍പയുടെ ഒടിടി റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ന് യുഎസില്‍ റിലീസ് ചെയ്യപ്പെട്ടു. നൂറിലധികം തിയറ്ററുകളിലാണ് ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടുന്ന മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് ഇന്ത്യയിലും ചിത്രത്തിന് ലഭിച്ചത്. ഹിന്ദി പതിപ്പ് മാത്രം ഇന്ത്യയില്‍ ഇതുവരെ നേടിയത് 70 കോടിയാണ്. സുകുമാര്‍ സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ചന്ദനക്കടത്തുകാരനായിട്ടാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചിരിക്കുന്നത്. പ്രതിനായകനായി എത്തിയത് മലയാളത്തിന്‍റെ ഫഹദ് ഫാസില്‍ ആയിരുന്നു. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

click me!