
ബോളിവുഡ് ത്രില്ലര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍ ബല്‍കിയാണ് സംവിധാനം. ത്രില്ലര്‍ ഴോണറില്‍ ബല്‍കിയുടെ ആദ്യചിത്രമാവും ഇത്.
ചിത്രത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രീ-പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്നും ബല്‍കിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിനൊപ്പം നിഗൂഢതയുടെ പരിവേഷമുള്ള നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാവും. നായികയടക്കമുള്ളവരുടെ താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.
അതേസമയം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.
ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് ദുല്‍ഖര്‍ ആദ്യം അഭിനയിക്കുക. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് പിരീഡ് ലവ് സ്റ്റോറി ചിത്രം 'ലഫ്റ്റനന്‍റ് റാം' ആണ് ദുല്‍ഖറിന് പൂര്‍ത്തിയാക്കേണ്ട മറ്റൊരു ചിത്രം. ഈ സിനിമകള്‍ക്കു ശേഷമാവും ദുല്‍ഖര്‍ ബല്‍കി ചിത്രത്തിലേക്ക് കടക്കുകയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനെ അറിയിച്ചു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ