
താന്‍ അഭിനയിച്ച പുതിയ ചിത്രം പഞ്ചായത്ത് ജെട്ടിയിലെ തന്‍റെ കഥാപാത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് രചന നാരായണന്‍കുട്ടി. മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ചിത്രത്തില്‍ അല എന്ന കഥാപാത്രത്തെയാണ് രചന അവതരിപ്പിച്ചിരിക്കുന്നത്.
"പഞ്ചായത്ത് ജെട്ടി എന്ന ഞങ്ങളുടെ സിനിമയിലെ “അല“ എന്ന ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെ സ്വീകരിച്ചതിനും സ്നേഹിച്ചതിനും നന്ദി. പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് ജീവിതത്തെ വളരെ ഉത്സാഹത്തോടെയും സ്നേഹത്തോടെയും കാണാൻ പഠിപ്പിക്കുന്ന, എപ്പോഴും കൂടെ നിൽക്കുന്ന ഒരു സുഹൃത്തിനെയാണ് അല പ്രതിനിധീകരിക്കുന്നത്. എന്നെ അടുത്തറിയുന്ന പലരും എന്നെ വിളിച്ച് “അല”എന്നെ പോലെയാണെന്ന് പറഞ്ഞു. “പേരുപോലെ തന്നെ... അല. .. അവൾ ഒരു ഒഴുക്കാണ്... മനസ്സ് നിറയെ എപ്പോഴും ഒരു പുഞ്ചിരിയുമായി അല ഒഴുകുകയാണ്” - സ്നേഹം വിളിച്ചറിയിച്ച ഒരാളുടെ വാക്കുകൾ ആണ് ഇത്. നന്ദി! നിങ്ങളുടെ ഒക്കെ ഈ സ്നേഹത്തിന് നിറഞ്ഞ നന്ദി! തിരിച്ചും നിറവാർന്ന സ്നേഹം", രചന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, സ്നേഹ ശ്രീകുമാർ, വീണ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ കൂടാതെ അമ്പതിലധികം അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ക്രിഷ് കൈമൾ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
ALSO READ : 'തഗ് ലൈഫ്' ഡബ്ബിംഗ് ആരംഭിച്ച് കമല്‍ ഹാസന്‍