'രാധെ മികച്ച സിനിമയൊന്നുമല്ല': സല്‍മാന്‍ ഖാന്‍റെ അച്ഛന്‍ സലിം ഖാന്‍

By Web TeamFirst Published May 29, 2021, 6:29 PM IST
Highlights

അതേസമയം ഒരു വാണിജ്യ സിനിമ എന്ന നിലയില്‍ രാധെ സല്‍മാന്‍ ഖാന്‍റെ നേട്ടമാണെന്നും സലിം ഖാന്‍ പറയുന്നു

ഈദ് റിലീസ് ആയെത്തിയ സല്‍മാന്‍ ഖാന്‍റെ പുതിയ ചിത്രം 'രാധെ'യെക്കുറിച്ച് തനിക്കുള്ള അഭിപ്രായം തുറന്നുപറഞ്ഞ് അദ്ദേഹത്തിന്‍റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളായ 'ദബാംഗ് 3'ഉും 'ബജ്‍റംഗി ഭായ്‍ജാനു'മൊക്കെ വ്യത്യസ്‍തങ്ങളായിരുന്നെങ്കിലും രാധെ സല്‍മാന്‍റെ പല മുന്‍ ചിത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്നതാണെന്നും സലിം ഖാന്‍ പറഞ്ഞു. ഒരു ഹിന്ദി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം ഒരു വാണിജ്യ സിനിമ എന്ന നിലയില്‍ രാധെ സല്‍മാന്‍ ഖാന്‍റെ നേട്ടമാണെന്നും സലിം ഖാന്‍ പറയുന്നു. "അതില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിക്കും വരുമാനം നല്‍കുക എന്നത് ഒരു വാണിജ്യസിനിമയുടെ ഉത്തരവാദിത്തമാണ്. അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ തുടങ്ങി അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാവര്‍ക്കും പണം കിട്ടണം. ഇതാണ് ആ വ്യവസായത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. ആ രീതിയില്‍ നോക്കിക്കാണുമ്പോള്‍ സല്‍മാന്‍ പെര്‍ഫോം ചെയ്‍തിട്ടുണ്ട്. സിനിമ ഗംഭാരമല്ലെങ്കിലും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്ക് നേട്ടമുണ്ടായി", സലിം ഖാന്‍ പറയുന്നു.

 

ബോളിവുഡില്‍ ഇപ്പോള്‍ മികച്ച തിരക്കഥാകൃത്തുക്കള്‍ ഇല്ലാത്തതാണ് സിനിമകളുടെ ഗുണനിലവാരം ഇടിക്കുന്നതെന്നും അദ്ദേഹം പറയുന്നു. "ഹിന്ദിയിലെയോ ഉറുദുവിലെയോ സാഹിത്യം ഇവരാരും വായിക്കുന്നില്ല. വിദേശസിനിമകളില്‍ കാണുന്ന എന്തിനെയും 'ഇന്ത്യന്‍' ആക്കി അവതരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ സിനിമയെ ശരിയായ പാതയിലേക്ക് എത്തിച്ച ചിത്രമായിരുന്നു സഞ്ജീര്‍. സലിം-ജാവേദിന് (സലിം ഖാനും ജാവേദ് അഖ്‍തറും ചേര്‍ന്ന കൂട്ടുകെട്ട്) പകരം വെക്കാന്‍ ഇനിയും രചയിതാക്കള്‍ വന്നിട്ടില്ല", സലിം ഖാന്‍ പറയുന്നു. സലിം- ജാവേദ് അവസാനം ഒരുക്കിയ തിരക്കഥ മിസ്റ്റര്‍ ഇന്ത്യ (1987) ആയിരുന്നു. അദ്ദേഹം ഒറ്റയ്ക്ക് എഴുതിയ അവസാന തിരക്കഥ 1996ല്‍ പുറത്തെത്തിയ ദില്‍ തേരാ ദിവാനയും. 

click me!