
കൊവിഡ് ദുരിതാശ്വാസ നിധികളിലേക്ക് രാജ്യത്തെ വ്യത്യസ്ത ഭാഷാ സിനിമാ മേഖലകളിലെ പ്രമുഖരില്‍ നിന്ന് ഒട്ടേറെ സഹായങ്ങളും സഹായ വാഗ്‍ദാനങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു. നല്‍കിയ തുകയുടെ വലുപ്പം കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നായിരുന്നു തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് നല്‍കിയ സഹായം. കൊവിഡ് 19 പ്രതിരോധത്തിനുവേണ്ടിയുള്ള വ്യത്യസ്ത ദുരിതാശ്വാസ നിധികളിലേക്ക് മൂന്ന് കോടി രൂപയാണ് ലോറന്‍സ് നല്‍കിയത്. അഭിനയിക്കുന്ന പുതിയ ചിത്രമായ ചന്ദ്രമുഖി 2ന് ലഭിച്ച അഡ്വാന്‍സ് തുക മുഴുവന്‍ നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ നല്‍കിയ തുക എത്രത്തോളം അപര്യാപ്തമാണെന്ന് പിന്നീട് മനസിലാക്കിയെന്നും അതിനാല്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്നാണ് കരുതുന്നതെന്നും ലോറന്‍സ് അറിയിച്ചിരിക്കുകയാണ്. തന്‍റെ ഓഡിറ്ററുമായി ആലോചിച്ച ശേഷം പുതിയ സഹായ പ്രഖ്യാപനം തമിഴ് പുതുവര്‍ഷ ദിനമായ 14ന് നടത്തുമെന്നാണ് ലോറന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാഘവ ലോറന്‍സിന്‍റെ ട്വീറ്റില്‍ നിന്ന്
സുഹൃത്തുക്കളെ, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് അഭിനന്ദനവുമായെത്തിയ എല്ലാവര്‍ക്കും നന്ദി. കീഴ്‍പ്പെടുത്തുന്നതായിരുന്നു ആ സ്നേഹം. എന്നാല്‍ ആ സംഭാവന വാര്‍ത്തയായതിന് ശേഷം എന്നെത്തേടി ഒരുപാട് വിളികളെത്തി, കത്തുകളും. കൂടുതല്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അവ. ഹൃദയം തകര്‍ക്കാന്‍ ശേഷിയുള്ളവയായിരുന്നു അവ. എന്‍റെ മൂന്ന് കോടി സംഭാവന അപര്യാപ്തമാണെന്ന് മനസിലായി. കൂടുതല്‍ സഹായങ്ങള്‍ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് സത്യസന്ധമായും അപ്പോള്‍ തോന്നിയത്. അതുകൊണ്ട് എന്നെ തേടിയെത്തുന്ന വിളികള്‍ക്ക്, ഞാന്‍ തിരക്കിലാണെന്ന് മറുപടി കൊടുത്തേക്കാന്‍ അസിസ്റ്റന്‍റ്സിനോട് നിര്‍ദേശിച്ചു. പക്ഷേ റൂമിലെത്തി ഇതേക്കുറിച്ച് ആലോചിച്ചപ്പോള്‍ വളരെ മോശമാണ് ചെയ്‍തതെന്ന് തോന്നി. ആളുകള്‍ കരയുന്ന ചില വീഡിയോകളും അന്ന് കണ്ടിരുന്നു. രാത്രി ഉറങ്ങാന്‍ സാധിച്ചില്ല. ആഴത്തില്‍ ചിന്തിച്ചു. ഈ ലോകത്തിലേക്ക് വന്നപ്പോള്‍ ഒന്നും കൂടെ കൊണ്ടുവന്നില്ലല്ലോ എന്ന് തോന്നി. പോവുമ്പോഴും അങ്ങനെ തന്നെ. ക്ഷേത്രങ്ങളെല്ലാം ഇപ്പോള്‍ അടച്ചിരിക്കുകയാണ്. കഷ്ടപ്പെടുന്ന മനുഷ്യരുടെ വിശപ്പിലാണ് ദൈവം ഇപ്പോഴുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ച്, ദൈവത്തിന് കൊടുത്താല്‍ അത് പൊതുജനത്തില്‍ എത്തില്ല. പക്ഷേ ജനത്തിന് നല്‍കിയാല്‍ അത് ദൈവസന്നിധിയില്‍ എത്തും. കാരണം എല്ലാവരിലും ദൈവമുണ്ട്. ദൈവം എന്നെ വീട്ടിലിരിക്കാന്‍ അനുവദിച്ചിരിക്കുകയാണ്, പക്ഷേ ഇത് യഥാര്‍ഥത്തില്‍ ചില കടമകള്‍ നിറവേറ്റാനുള്ള സമയമാണ്. അതിനാല്‍ എന്നാല്‍ കഴിയാവുന്നതെല്ലാം പൊതുജനത്തിനും സര്‍ക്കാരിനുമായി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.
പേഴ്‍സണല്‍ ഓഡിറ്ററുമായി ആലോചിച്ച് ചെയ്യാനാവുന്ന കാര്യങ്ങള്‍ ഇന്നലെ വൈകിട്ട് അഞ്ചിന് പ്രഖ്യാപിക്കുമെന്നായിരുന്നു ലോറന്‍സ് ആദ്യം അറിയിച്ചത്. എന്നാല്‍ ഓഡിറ്റര്‍ രണ്ട് ദിവസം കൂടി ആവശ്യപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ തനിക്ക് ചെയ്യാനാവുന്ന കൂടുതല്‍ കാര്യങ്ങള്‍ എന്തൊക്കെയെന്ന് തമിഴ് പുതുവര്‍ഷ ദിനമായ 14ന് പ്രഖ്യാപിക്കുമെന്നുമാണ് ലോറന്‍സിന്‍റെ അവസാന ട്വീറ്റ്.
പിഎം കെയേഴ്‍സിലേക്കും തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സിനിമാ സംഘടനയായ ഫെഫ്‍സിയിലേക്കും നരിത്തകരുടെ യൂണിയനിലേക്കും 50 ലക്ഷം വീതം നല്‍കിയിരുന്നു ലോറന്‍സ്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് 25 ലക്ഷവും ദിവസ വേതനക്കാര്‍ക്കും തന്‍റെ ജന്മസ്ഥലമായ ദേസീയനഗര്‍ റോയാപുരം നിവാസികള്‍ക്കുമായി 75 ലക്ഷവും, അങ്ങനെ ആകെ മൂന്ന് കോടി രൂപയാണ് അദ്ദേഹം ആകെ ഇതിനകം നല്‍കിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ