
യൂട്യൂബിൽ സജീവമായി അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽ ദാസ്. കിച്ചു ആർ ഡി എന്നാണ് രാഹുലിന്റെ യൂട്യൂബ് ചാനലിന്റെ പേര്. സുഹൃത്തുക്കൾക്കും കസിൻസിനും ഒപ്പമുള്ള വീഡിയോകളും ഇളയ സഹോദരൻ റിതുവിനെ സർപ്രൈസായി കാണാൻ പോകുന്ന വീഡിയോകളും ജിം വ്ളോഗുമൊക്കെ രാഹുലിന്റെ ചാനലിൽ കാണാം. ബിഗ്ബോസിൽ നിന്നുമിറങ്ങിയ രേണു സുധിയെ കാണാനെത്തുന്ന വീഡിയോയാണ് രാഹുൽ ഏറ്റവുമൊടുവിൽ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്.
ഒരു മാസത്തിനുശേഷം അമ്മയെ കണ്ടതിന്റെ സന്തോഷമാണ് കിച്ചു വ്ളോഗിൽ കാണിക്കുന്നത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കിച്ചു കോട്ടയത്തെ സുധിലയം വീട്ടിൽ എത്തിയത്. രേണു സുധിയെയും അനിയൻ റിഥുലിനേയും കൂട്ടി ഭക്ഷണം കഴിക്കാൻ ചങ്ങനാശ്ശേരിയിൽ പോകുന്നതും കിച്ചു വീഡിയോയിൽ കാണിക്കുന്നുണ്ട്. അമ്മ നന്നായി തന്നെ ഗെയിം കളിച്ചു എന്നും ഇതിനിടെ കിച്ചു പറയുന്നുണ്ട്.
ഇപ്പോഴാണോ നീ എന്നെ കാണാൻ വരുന്നത് എന്നാണ് കിച്ചുവിനെ കണ്ടപ്പോൾ രേണു സുധി തമാശരൂപേണ ചോദിച്ചത്. രേണുവിന്റെ ബിഗ് ബോസ് വിശേഷങ്ങൾ കിച്ചു ചോദിച്ച് അറിയുന്നതും വീഡിയോയിൽ കാണാം. അമ്മയ്ക്ക് ഷോയിൽ തുടരാമായിരുന്നു, നല്ല വോട്ട് ഉണ്ടായിരുന്നു എന്നു കിച്ചു പറഞ്ഞപ്പോൾ, ഒരാഴ്ച നിൽക്കാനാണ് പോയത്. എന്നിട്ടും മുപ്പത്തിയഞ്ച് ദിവസം നിന്നു. വോട്ടുണ്ടായിരുന്നു, പക്ഷെ താൻ മെന്റലി ഡൗണായിപ്പോയി. സ്വരം നന്നായപ്പോൾ പാട്ട് നിർത്തി എന്നാണ് രേണു പറഞ്ഞത്.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന രാഹുൽ സുധിയുടെ കുടുംബ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കോട്ടയത്തെ വീട്ടിൽ രേണുവും മകൻ റിതുലുമാണ് താമസിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക