Hridayam : പ്രണവിന്റെ ഭാവിയിലേക്കുള്ള യാത്രയിൽ 'അരുൺ നീലകണ്ഠൻ' ഉണ്ടാകും; 'ഹൃദയം' തൊട്ട് രാഹുൽ മാങ്കൂട്ടത്തിൽ

Web Desk   | Asianet News
Published : Jan 24, 2022, 12:49 PM ISTUpdated : Jan 24, 2022, 12:52 PM IST
Hridayam : പ്രണവിന്റെ ഭാവിയിലേക്കുള്ള യാത്രയിൽ 'അരുൺ നീലകണ്ഠൻ' ഉണ്ടാകും; 'ഹൃദയം' തൊട്ട് രാഹുൽ മാങ്കൂട്ടത്തിൽ

Synopsis

മറവിയിൽ വലപിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്വത്തിന്റെ അറകൾ തുറക്കുവാൻ സഹായിച്ചതിനും പഴയ കാലത്തെ ജീവിതത്തിന്റെ അഭിവാജ്യമായിരുന്ന കുറച്ച് മനുഷ്യരേ ഒരിക്കൽ കൂടി കണ്ണിനു മുന്നിൽ എത്തിച്ചതിനും വിനീത് ശ്രീനിവാസന് രാഹുൽ നന്ദി പറഞ്ഞു. 

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രമാണ് ഹൃദയം(Hridayam). ഇരുപത്തിയൊന്നിന് റിലീസ് ചെയ്ത ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു പ്രണയ സിനിമ മാത്രമല്ല 'ഹൃദയം', എല്ലാത്തരം ഹൃദയബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന സിനിമയാണെന്ന് രാഹുൽ കുറിക്കുന്നു. 

മറവിയിൽ വലപിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്വത്തിന്റെ അറകൾ തുറക്കുവാൻ സഹായിച്ചതിനും പഴയ കാലത്തെ ജീവിതത്തിന്റെ അഭിവാജ്യമായിരുന്ന കുറച്ച് മനുഷ്യരേ ഒരിക്കൽ കൂടി കണ്ണിനു മുന്നിൽ എത്തിച്ചതിനും വിനീത് ശ്രീനിവാസന് രാഹുൽ നന്ദി പറഞ്ഞു. അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മികച്ചതായിരുന്നു. പ്രണവിന്റെ ഭാവിലേക്കുള്ള യാത്രയിൽ "അരുൺ നീലകണ്ഠൻ " ഒരു സ്കൂട്ടറിൽ കൂടെയുണ്ടാകും. ദർശന രാജേന്ദ്രൻ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയായി ഏറെക്കാലം മലയാള സിനിമയിലുണ്ടാകുമെന്നും രാഹുൽ കുറിച്ചു. 

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ

സ്പോയിലർ അലർട്ട്..! "ഹൃദയം " കാണാത്തവർ വായിക്കുകയുമരുത്.

ദർശന? നിത്യ? അരുൺ ?

അന്ന് ദർശന ക്ഷമിച്ചിരുന്നുവെങ്കിൽ??? ആ തെറ്റിദ്ധാരണ മാറ്റുവാൻ അരുണിനു കഴിഞ്ഞിരുന്നുവെങ്കിൽ ??? നിത്യ വന്നില്ലായിരുന്നുവെങ്കിൽ ???

ഇല്ല ജീവിതത്തിൽ അത്തരം ചോദ്യ ചിഹ്നങ്ങൾക്കോ, if clause നോ ഒന്നും പ്രസക്തിയില്ല.... ജീവിതം അത്തരത്തിലൊരു ഒഴുക്കാണ് , കഴിഞ്ഞ നിമിഷത്തെ പറ്റി നാം ചിന്തിക്കും മുൻപ് അടുത്ത നിമിഷം കടന്നു പോകുന്നൊരു ഒഴുക്ക്. അത് തന്നെയാണ് ദർശനയുടെ വിവാഹത്തലേന്ന് അരുൺ പറഞ്ഞ് വെക്കുന്നതും. നാം തെറ്റിദ്ധരിക്കപെട്ട്, അത് തിരുത്തുവാൻ കഴിയാതെ, നിസ്സഹായരായി നില്ക്കുന്ന എത്ര നിമിഷങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിലുണ്ട്. ആ ഒരു നിമിഷത്തെ അതിജീവിക്കുവാനാകാതെ തകർന്ന് പോകുന്നയെത്ര ബന്ധങ്ങൾ!

ദർശനയാണോ നിത്യയാണോ എന്ന പക്ഷം പിടിക്കുവാൻ കഴിയാത്തത്ര മനോഹരമായി കഥാപാത്രങ്ങളെ പൂർണ്ണമാക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഒരാളുടെ ഒന്നിലധികം പ്രണയങ്ങൾ പറയുന്ന ചേരന്റെ " ഓട്ടോഗ്രാഫും " , ഗൗതം മേനോന്റെ "വാരണമായിരവും " ഒക്കെ പോലെ തന്നെ എല്ലാ പ്രണയങ്ങൾക്കും മനോഹാരിത നല്കുവാൻ വിനീതിനുമായി. ഒറ്റ വാക്കിൽ വിനീതിനെ പറ്റി പറഞ്ഞാൽ, നിങ്ങൾക്ക് ഈ സിനിമ കൂടിയാകുമ്പോൾ ഒരു ബാധ്യതയാകും , നിങ്ങളുടെ പേര് കണ്ട് കാണികൾ വരുമെന്ന ബാധ്യത, ആ പ്രതീക്ഷയ്ക്കൊത്ത് സിനിമകൾ തിരിച്ച് നല്കണമെന്ന ബാധ്യത, മിനിമം ഗ്യാരണ്ടി സംവിധായകൻ എന്ന ബാധ്യത...

വിനീത് ശ്രീനിവാസൻ പ്രണയം കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ദ്ധ്യം ശ്രദ്ധേയമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം നാളിതു വരെയുള്ള സിനിമകൾ മാത്രമല്ല, ഈ സിനിമയിലെ തന്നെ വിരലിലെണ്ണാവുന്ന സീക്വൻസ് മാത്രമുള്ള സെൽവന്റെയും തമിഴ്സെൽവിയുടെയും പ്രണയം വരെ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നുണ്ട്.

ഒരു പ്രണയ സിനിമ മാത്രമല്ല " ഹൃദയം", എല്ലാത്തരം ഹൃദയബന്ധങ്ങൾക്കും പ്രാധാന്യം നല്കുന്ന സിനിമയാണത്. മകന് പേരിടുവാൻ നിത്യ പറയുമ്പോൾ, "സെൽവ " എന്ന പേരിടുവാൻ അരുണിനെ തോന്നിപ്പിക്കുന്നതു അതു കൊണ്ടാണ്. ഏത് 'നരകത്തിലേക്കും ഒപ്പം വരുന്ന ആന്റണി താടിക്കാരൻമാരില്ലാതെ ഒരു അരുണും ജീവിക്കുകയില്ല. സൗഹൃദവും, പ്രണയവും, പഠനവും, പരീക്ഷയും, ഉഴപ്പും, സംഘർഷങ്ങളും തൊട്ട് ഹോസ്റ്റൽ മെസ്സിലെ ഭക്ഷണം വരെ സിനിമയിലെ കഥാപാത്രങ്ങളാണ്. തമിഴ് നാട്ടിലെ എഞ്ചിനിയറിംഗ് കോളജിലെ ജീവിതമാണ് ആദ്യ പകുതിയിലെ ഇതിവൃത്തമെങ്കിലും, സിനിമ കഴിഞ്ഞ് എന്റെ ക്യാംപസിലേക്ക് ഓടിപ്പോകുവാൻ എന്നെ തോന്നിപ്പിക്കും വിധം കണക്റ്റഡാണ് അത് .

പാട്ടുകൾ സിനിമയുടെ ഭാഗമല്ലാതാകുന്ന കാലത്ത് 14 പാട്ടുകൾ ഉള്ള ഒരു സിനിമയെന്നത് തീയറ്ററിൽ എത്തി വെളിച്ചമകലും വരെ ഒരു ഭാരമായിരുന്നു. എന്നാൽ സിനിമയിലെ സംഭാഷണം പോലെ അതിലെ പാട്ടുകളെ അനിവാര്യമാക്കുവാൻ ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതത്തിനു സാധിച്ചിട്ടുണ്ട്.

അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മികച്ചതായിരുന്നു. പ്രണവിന്റെ ഭാവിലേക്കുള്ള യാത്രയിൽ "അരുൺ നീലകണ്ഠൻ " ഒരു സ്കൂട്ടറിൽ കൂടെയുണ്ടാകും. ദർശന രാജേന്ദ്രൻ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയായി ഏറെക്കാലം മലയാള സിനിമയിലുണ്ടാകും. കല്യാണി നമ്മുടെ അടുത്ത വീട്ടിലെ കുട്ടിയായി കൂടുതൽ സ്നേഹം കവരുന്നു.

അജു വർഗ്ഗീസിനെ ബസ്സിൽ കാണുന്ന ആദ്യ സീനിൽ കിട്ടുന്ന കൈയ്യടി അയാൾ മലയാളികളുടെ മനസ്സിൽ കൈവ്വരിച്ച സ്ഥാനത്തിന്റെ ഉദാഹരണമാണ്. അശ്വത് ലാൽ മനസിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ജോണി ആന്റണി സംവിധായകനിൽ നിന്ന് നടൻ എന്ന മേൽവിലാസം സൃഷ്ടിച്ചിരിക്കുന്നു. പുതുമുഖങ്ങളും മുഴച്ച് നില്ക്കാതെ, സിനിമയുടെ മനോഹര ഭാഗമായി. മെരിലാന്റ് എന്ന പ്രൊഡക്ഷൻ മുത്തശ്ശി, വിശാഖിലൂടെ മടങ്ങി വന്നിരിക്കുന്നു. ദീർഘമായ ഒരു സിനിമയിൽ വിരസത തോന്നിപ്പിക്കാതെ മനോഹരവും, വർണ്ണ ശബളവുമായ ദൃശ്യവിരുന്നു ഒരുക്കിയ മുഴുവൻ പിന്നണി പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു. ഹൃദയം രണ്ട് സിനിമയാണ്, ആദ്യ പകുതിയിൽ മനോഹരമായ ഒരു ക്യാംപസ് സിനിമയും, രണ്ടാം പകുതിയിൽ ഒരു മനോഹരമായ ഫാമിലി ഹാപ്പനിംഗ് സിനിമയും.

നന്ദി വിനീത് ശ്രീനിവാസൻ, അരുണിനു രണ്ടാമതും നല്കിയ ആ താക്കോൽ എനിക്കും തന്നതിന് . മറവിയിൽ വലപിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്വത്തിന്റെ അറകൾ തുറക്കുവാൻ സഹായിച്ചതിനു, പഴയ കാലത്തെ ജീവിതത്തിന്റെ അഭിവാജ്യമായിരുന്ന കുറച്ച് മനുഷ്യരേ ഒരിക്കൽ കൂടി കണ്ണിനു മുന്നിൽ എത്തിച്ചതിനു ...ആന്റണി താടിക്കാരൻ എഴുതിയതു പോലെ എനിക്കും, ഭൂതകാലത്തിന്റെ ചുവരിൽ കോറിയിടുവാൻ തോന്നി പോയി "രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെയുണ്ടായിരുന്നു "

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും', നമ്പർ സഹിതം പൊലീസിൽ പരാതി നൽകാൻ ഭാഗ്യലക്ഷ്മി
ജഗത് മുരാരിയുടെ ജീവിതം പറയുന്ന ‘ദ മേക്കർ ഓഫ് ഫിലിം മേക്കേഴ്സ്’ പ്രകാശനം ചെയ്തു