
ബാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ടെലിവിഷൻ താരം ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും. ബാലി യാത്രക്കു തയ്യാറെടുക്കുന്നതു മുതലുള്ള കാര്യങ്ങൾ ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങൾ വഴി ആരാധകരോട് പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ബാലി പാക്കേജിന്റെ ഭാഗമായുള്ള എടിവി ബൈക്ക് റൈഡിന്റെ വിശേഷങ്ങളാണ് രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ശ്രീവിദ്യയെ പിന്നിലിരുത്തി രാഹുലാണ് ഡ്രൈവറുടെ റോൾ ഏറ്റെടുത്തത്. എന്നാൽ വിചാരിച്ചതു പോലെ അത്ര എളുപ്പമായിരുന്നില്ല എടിവി ബൈക്ക് റൈഡ് എന്നാണ് രാഹുൽ പറയുന്നത്. ഇരുവരുമൊന്നിച്ച് ഓടയിലേക്ക് വീഴാൻ തുടങ്ങുന്നതും വീഡിയോയിലുണ്ട്. പക്ഷേ, കുറച്ചു ഓടിച്ചു കഴിഞ്ഞപ്പോൾ ഓടിക്കേണ്ടത് എങ്ങനെയാണെന്ന് ഏറെക്കുറെ മനസിലായെന്നും എടിവി ബൈക്കിനെ മെരുക്കിയെടുത്തെന്നും രാഹുൽ പറയുന്നു. ബാലിയിൽ പോകുന്നവർ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്തതാണ് എടിവി റൈഡെന്നും താരം കൂട്ടിച്ചേർത്തു.
എടിവിയുമെടുത്തുള്ള യാത്രക്കിടെ ബാലിയിലെ അമ്പലത്തിലെ ഉൽസവത്തിന്റെ വിശേഷങ്ങളും ബാലിയിലെ പെട്രോൾ പമ്പിൽ കയറിയ വിശേഷങ്ങളുമെല്ലാം രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്. ''ഇങ്ങനെ ഓരോന്ന് കാണിച്ച് കൊതിപ്പിക്കല്ലേ എന്നും അത്രയും മനോഹരമായ സ്ഥലവും, അത് പോലെ മനോഹരമായ വിവരണവും'', എന്നാണ് രാഹുലിന്റെ വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടം, പിന്നെ നിങ്ങളുടെ വീഡിയോയിലൂടെ കുറെ ഇൻഫർമേഷൻ കിട്ടുന്നു'', എന്നാണ് മറ്റൊരാൾ കുറിച്ചത്.
കുറച്ചു നാളായി രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന മിനി വ്ളോഗുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീവിദ്യയുടെ നാടായ കാസർകോട്ടെ തെയ്യം കഥകളും എറണാകുളത്ത് തിരിച്ചെത്തിയതിനു ശേഷമുള്ള കഥകളുമൊക്കെ രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ബാലി സീരിസ് എത്തിയത്. തങ്ങളുടെ 'രണ്ടാമത്തെ ഹണിമൂൺ' എന്നാണ് മുൻപു പങ്കുവെച്ച വീഡിയോയിൽ രാഹുൽ ബാലി യാത്രയെ വിശേഷിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക