പെപ്പെ നായകനായെത്തുന്ന പുതിയ ചിത്രത്തിൽ രാജ് ബി ഷെട്ടിയും !

Published : Feb 02, 2024, 06:00 PM IST
പെപ്പെ നായകനായെത്തുന്ന പുതിയ ചിത്രത്തിൽ രാജ് ബി ഷെട്ടിയും !

Synopsis

 പെപ്പെയോടൊപ്പമുള്ള ഈ സിനിമ രാജ് ബി ഷെട്ടിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. ആദ്യ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന 'രുദ്ര'മാണ്. മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന 'ടർബോ'യിലും സുപ്രധാനമായൊരു വേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്നുണ്ട്. 

കൊച്ചി: പെപ്പെയെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ഇതുവരെ പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്റെ ഷൂട്ടിം​ങ് കൊല്ലത്ത് പുരോ​ഗമിക്കുന്ന അവസരത്തിലാണ് രാജ് ബി ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്തത്. മലയാള സിനിമയിൽ തന്റെ നിറസാന്നിദ്ധ്യം അറിയിക്കാനെത്തിയ അദ്ദേഹത്തെ ചിത്രത്തിന്റെ നിർമ്മാതാവായ സോഫിയാ പോൾ പുഷ്പഹാരം നൽകി സ്വീകരിച്ചു. 'ആർ ഡി എക്സ്'ൻ്റ വൻ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. 

'ഗരുഡ ഗമന വൃഷഭ വാഹന' (2021), 'കാന്താര' (2022), '777 ചാർലി' (2022), 'ടോബി' (2023) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി. പെപ്പെയോടൊപ്പമുള്ള ഈ സിനിമ രാജ് ബി ഷെട്ടിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. ആദ്യ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന 'രുദ്ര'മാണ്. മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന 'ടർബോ'യിലും സുപ്രധാനമായൊരു വേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്നുണ്ട്. 'ടർബോ'യുടെ സെറ്റിൽനിന്നാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനായ് അദ്ദേഹം കൊല്ലത്തേക്ക് എത്തിയത്. 

പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം എന്ന സവിശേഷതയോടെ എത്തുന്ന ഈ സിനിമ ഓണം റിലീസായി തീയറ്ററുകളിലെത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥയാണ് പറയുന്നത്. 100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റാണ് ചിത്രത്തിനായ് ഒരുക്കിയിരിക്കുന്നത്. കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരിപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. 

കടലിൻ്റെ പശ്ചാത്തലത്തിൽ, പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദിവസ്സങ്ങളോളം കടലിൽ പണിയെടുക്കുന്ന അധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ചയെന്നോണം ഒരുങ്ങുന്ന ഈ സിനിമ തീരപ്രദേശത്തിൻ്റെ സംസ്ക്കാരവും ജീവിതവും റിയലിസ്റ്റിക്കായ് അവതരിപ്പിക്കുന്നു. കടൽ പശ്ചാത്തലമാക്കി ഒരുപാട് സിനിമകൾ വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. ഉള്ളിൽ കത്തുന്ന കനലുമായ് തൻ്റെ ജീവിത ലക്ഷ്യത്തിനായ് ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ പുത്രൻ്റെ ജീവിതമാണ് സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ തക്ക വിധമാണ് ചിത്രത്തിൻ്റെ അവതരണം. എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിലേറെയും കടലിലെ തകർപ്പൻ റിവഞ്ച് ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. 'കെ ജി എഫ് ചാപ്റ്റർ 1', 'കാന്താര' തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്. 

യൗവ്വനത്തിൻ്റെ തിളപ്പും, കൈയ്യിൽ തോണിയുടെ പങ്കായം പിടിക്കാൻ ഉറച്ച തഴമ്പും, കരുത്തുറ്റ മനസ്സുമുള്ള ഒരു യുവാവായ് പെപ്പെ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നായികയായെത്തുന്നത് പുതുമുഖം താരം പ്രതിഭയാണ്. ഗൗതമി നായരും ഷബീർ കല്ലറക്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശരത് സഭ, നന്ദു, സിറാജ് (ആർ.ഡി.എക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം റാഫേൽ, ഫൗസിയ മറിയം ആൻ്റണി എന്നിവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ദീപക് ഡി മേനോൻ, ജിതിൻ സ്റ്റാൻസിലോസ്, ചിത്രസംയോജനം: ശ്രീജിത്‌ സാരംഗ്, സംഗീതം: സാം സി എസ്സ്, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മനു ജഗദ്, മേക്കപ്പ്: അമൽ ചന്ദ്ര, വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: സൈബൻ സി സൈമൺ (വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്), റോജി പി കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ: പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സനൂപ് മുഹമ്മദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി.

'അർജുനെ വീട്ടിലിരുത്തി ജോലിക്ക് പോകാനാണ് താത്പര്യം' വെളിപ്പെടുത്തി സൗഭാഗ്യ

അനിമല്‍ ഒരാഴ്ച തികയും മുന്‍പ് നെറ്റ്ഫ്ലിക്സില്‍ 20,800,000 വാച്ച് അവര്‍.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കുതിരപ്പുറത്തേറി വിനായകന്റെ വരവ്, കയ്യിൽ മഴുവും; ശ്രദ്ധനേടി 'പെരുന്നാള്‍' ക്യാരക്ടർ പോസ്റ്റർ
കന്നഡ താരരാജാക്കന്മാരുടെ '45'; മലയാളം പതിപ്പ് നാളെ മുതൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ