
ദില്ലി: ഇന്ത്യന്‍ വെബ് സീരിസ് രംഗത്തെ വിലയേറിയ സംവിധായക ജോഡിയാണ് രാജ് ഡികെ. കഴിഞ്ഞ ദിവസമാണ് ഇവരുടെ വരാനിരിക്കുന്ന രണ്ട് സീരിസുകള്‍ സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് വിവാദം പുറത്തുവന്നത്. അതിന് പിന്നാലെ ആമസോൺ പ്രൈം വീഡിയോ സംവിധായക ജോഡികളുടെ മുന്‍പ് പ്രഖ്യാപിച്ച ഗുൽക്കണ്ട ടെയിൽസ് എന്ന പ്രോജക്റ്റ് ഉപേക്ഷിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു.
രാജ് ഡികെയുടെ വരാനിരിക്കുന്ന മറ്റൊരു പ്രോജക്റ്റ് രക്ത് ബ്രഹ്മാണ്ടിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. പീപ്പിംഗ് മൂൺ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഇയാള്‍ സെറ്റിൽ നിന്ന് 2-3 കോടി രൂപ അപഹരിച്ചതായാണ് റിപ്പോർട്ട്. ഇതില്‍ അന്വേഷണം നടക്കുകയാണ് എന്നാണ് വിവരം.
എന്നാല്‍ ഇത്തരം വാര്‍ത്തകളെ നിരാകരിക്കുന്ന രീതിയിലാണ് രാജ് ഡികെ പുതിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രീകരണത്തിന്‍റെ ചിത്രങ്ങള്‍ അടക്കം ഇട്ടാണ് പോസ്റ്റ്. ഇതില്‍ തങ്ങളുടെ ഗുൽക്കണ്ട ടെയിൽസ്, രക്ത് ബ്രഹ്മാണ്ട്, ഫാമിലി മാന്‍ 3 എന്നീ സീരിസുകള്‍ പറഞ്ഞ ഒടിടി പ്ലാറ്റ്ഫോമുകളില്‍ തന്നെ ഇറങ്ങും എന്ന് സംവിധായക ജോഡി പറയുന്നു.
"പല കാര്യങ്ങളും കുത്തൊഴുക്ക് പോലെ വരുമ്പോള്‍. എങ്ങനെ പ്രതികരിക്കണമെന്നത് നിങ്ങൾക്ക് ചോയിസാണ്. ഞങ്ങളുടെ ചോയിസ് വ്യക്തമാണ്, ഇതിന് മുഖം കൊടുക്കാതെ പണിയെടുക്കുക. കൂടുതൽ കഠിനാധ്വാനം ചെയ്യുക. നന്നായി ചെയ്യുക. ഞങ്ങൾ എവിടെ എത്തിയെന്ന് സ്വയം ഓർമ്മപ്പെടുത്തൽ നടത്താനുള്ള അവസരമാണ് ഇത്. ഞങ്ങള്‍ വികസിക്കുകയാണ്, ഒരോ വര്‍ഷവും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു, പുതിയ കഥകള്‍ പറയുന്നു.
മോശം കാര്യങ്ങള്‍ സംഭവിക്കും, ആരെങ്കിലും മോഷ്ടിക്കും, ആരെങ്കിലും നിങ്ങളെ അപകടത്തില്‍ പെടുത്തും, ആളുകൾ അവർക്ക് തോന്നുന്നത് പറയും. അതിനുള്ള ഏറ്റവും നല്ല പ്രതികരണം ജോലി തുടരുക എന്നതാണ്. പുതിയ വഴികൾ സൃഷ്ടിച്ച്, പുതിയ കഥകളുമായി പ്രേക്ഷകരുടെ അടുത്തേക്ക് എത്തുക. അതാണ് ഞങ്ങളുടെ വാഗ്ദാനം.
"നെറ്റ്ഫ്ലിക്സില്‍ രക്ത് ബ്രഹ്മാണ്ടും ഗുൽക്കണ്ട ടെയില്‍സും ഫാമിലി മാന്‍ 3യും പ്രൈമിലും അടുത്തതായി എത്തും" - ഇതാണ് രാജ് ഡികെയുടെ കുറിപ്പ്.
'ഗുഡ് ബാഡ് അഗ്ലി' യില്‍ അജിത്തിനൊപ്പം 25 കൊല്ലത്തിന് ശേഷം ആ നടി; സര്‍പ്രൈസ്!