'കയ്യിലുണ്ടായിരുന്നത് 18 രൂപ മാത്രം'; അങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്ന് രാജ്‍കുമാര്‍ റാവു

By Web TeamFirst Published Oct 22, 2019, 4:20 PM IST
Highlights

''നഗരത്തില്‍ വന്നപ്പോള്‍ വളരെ ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. 7000 രൂപ എന്‍റെ വക വാടക നല്‍കണമായിരുന്നു. എന്നെ സംബന്ധിച്ച് അത് വളരെ കൂടുതലായിരുന്നു''

മുംബൈ: തന്‍റെ ജീവിതത്തിലെ കഠിനമായ കാലഘട്ടത്തെ ഓര്‍ത്തെടുത്ത് ബോളിവുഡ‍് നടന്‍ രാജ്‍കുമാര്‍ റാവു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ് കുമാര്‍ റാവു സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന കാലം തുറന്നുപറഞ്ഞത്. ഭക്ഷണം കഴിക്കാനോ വസ്ത്രങ്ങള്‍ വാങ്ങാനോ പണമുണ്ടായിരുന്നില്ലെന്ന് രാജ്കുമാര്‍ റാവു പറഞ്ഞു. ചില സമയങ്ങളില്‍ 18 രൂപ മാത്രമാണ് തന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഇത് തന്‍റെ ആവശ്യങ്ങള്‍ക്ക് തികയുന്നതായിരുന്നില്ലെന്നും രാജ്കുമാര്‍ അഭിമുഖത്തില്‍ പറ‌ഞ്ഞു. 

''നഗരത്തില്‍ വന്നപ്പോള്‍ വളരെ ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. 7000 രൂപ എന്‍റെ വക വാടക നല്‍കണമായിരുന്നു. എന്നെ സംബന്ധിച്ച് അത് വളരെ കൂടുതലായിരുന്നു. മാസം 15000 മുതല്‍ 20000 രൂപ വരെ എനിക്ക് ആവശ്യമായി വന്നു. അപ്പോഴാണ് അക്കൗണ്ടില്‍ 18 രൂപയേ ഉള്ളൂവെന്ന നോട്ടിഫിക്കേഷന്‍ ലഭിച്ചത്.'' - രാജ്കുമാര്‍ റാവു പറഞ്ഞു. 

'' അതെനിക്ക് കഠിനമായ കാലമായിരുന്നു. വളരെ ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഫീസ് അടയ്ക്കാന്‍ പണമുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം എന്‍റെ ഫീസ് അധ്യാപകരാണ് നല്‍കിയത്. പൂനെ ഫിലിം സ്കൂളില്‍ നിന്നാണ് രാജ് കുമാര്‍ റാവു ആക്ടിംഗ് കോഴ്സ് പഠിച്ചത്. ആ കാലഘട്ടത്തില്‍ നല്ലൊരു ടീ ഷര്‍ട്ട് വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ലെന്നും അഭിമുഖത്തില്‍ രാജ് കുമാര്‍ റാവു പറഞ്ഞു. 

2010 ല്‍ ലവ്, സെക്സ് ഓര്‍ ധോഖാ എന്ന ചിത്രത്തിലൂടെയാണ് രാജ്‍കുമാര്‍ റാവു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ പോ ചെ, സിറ്റി ലൈറ്റ്സ്, ഷഹിദ്, ന്യൂട്ടണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഷഹീദിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 


 

click me!