'ജയിലര്‍' സെറ്റില്‍ മോഹന്‍ലാലിന്‍റെ ക്യാമറയില്‍ രജനി; ചിത്രം പങ്കുവച്ച് ജിഷാദ്

By Web TeamFirst Published Jan 9, 2023, 3:26 PM IST
Highlights

ഇന്നലെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടെന്ന വിവരം നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. അതുകൊണ്ടുതന്നെ രജനീകാന്തിന്‍റേതായി പ്രഖ്യാപിക്കപ്പെടുന്ന ഏത് ചിത്രത്തിനും വലിയ പ്രീ- റിലീസ് ഹൈപ്പും ലഭിക്കാറുണ്ട്. എന്നാല്‍ ചിത്രീകരണം പുരോഗമിക്കുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ജയിലറിന് സാധാരണയില്‍ കവിഞ്ഞ പ്രേക്ഷകശ്രദ്ധ ലഭിക്കുകയാണ്. ചിത്രത്തിലെ താരനിരയാണ് അതിനു കാരണം. രജനീകാന്തിനൊപ്പം മോഹന്‍ലാലും ശിവരാജ്‍കുമാറും ചിത്രത്തില്‍ എത്തുന്നുണ്ട്. ഇന്നലെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടെന്ന വിവരം നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇപ്പോഴിതാ ജയിലര്‍ സെറ്റില്‍ നിന്ന് മോഹന്‍ലാല്‍ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്‍റെ പേഴ്സണന്‍ ഡിസൈനറും സ്റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദ്ദീന്‍.

രജനിക്കൊപ്പം ജിഷാദും നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പകര്‍ത്തിയിരിക്കുന്നത്. മില്യണ്‍ ഡോളര്‍ മൊമന്‍റ് എന്നാണ് ആ നിമിഷത്തെ ജിഷാദ് വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ALSO READ : ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന 20 സിനിമകള്‍; ഐഎംഡിബി ലിസ്റ്റ്

അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. പക്ഷേ കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ ആയിരുന്നു. അതേസമയം പിന്നാലെ വലിയ പ്രതീക്ഷയുമായെത്തിയ, വിജയ് നായകനായെത്തിയ ബീസ്റ്റ് പരാജയപ്പെടുകയും ചെയ്‍തിരുന്നു. അടുത്ത ചിത്രത്തിലൂടെ വിജയത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍.

click me!