'അതൊന്നും ഞാനല്ല, എന്‍റെ പേരിലുള്ള ഫേക്കുകള്‍'; സൈബര്‍ സെല്ലില്‍ പരാതിയുമായി രജിത് കുമാര്‍

By Web TeamFirst Published Apr 4, 2020, 6:12 PM IST
Highlights

'സോഷ്യല്‍ മീഡിയ എനിക്ക് ഒരുപാട് ഗുണം ചെയ്‍തിട്ടുണ്ട്. പക്ഷേ ചില ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്.' തന്‍റെ പേരില്‍ തന്നെ സ്നേഹിക്കുന്നവര്‍ ചതിയില്‍ പെടരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതെന്നും രജിത് പറയുന്നു.

ഫേസ്ബുക്കില്‍ തന്‍റെ പേരില്‍ ഫേക്ക് പ്രൊഫൈലുകളും പേജുകളും പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയുമായി ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രജിത് സൈബര്‍ സെല്ലിന് പരാതി നല്‍കി. സ്വന്തം യുട്യൂബ് ചാനല്‍ വഴി വീഡിയോയിലൂടെയാണ് രജിത് കുമാര്‍ പരാതിയെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

തന്‍റെ അറിവോ സമ്മതമോ കൂടാതെ, തന്‍റെ പേരിട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ഫേക്ക് പ്രൊഫൈലുകളും പേജുകളും ഫേസ്ബുക്കില്‍ ഉണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രജിത് കുമാര്‍ പറയുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തായതിന് ശേഷം കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സ്വീകരണം നല്‍കാന്‍ ആളുകള്‍ ഒത്തുകൂടിയത് തന്‍റെ അറിവോടെയല്ലെന്നും ഒരു ഫേക്ക് പേജില്‍ നിന്നാണ് താന്‍ വരുന്ന വിവരം പരസ്യമായതെന്നും രജിത് പറയുന്നു. 'സോഷ്യല്‍ മീഡിയ എനിക്ക് ഒരുപാട് ഗുണം ചെയ്‍തിട്ടുണ്ട്. പക്ഷേ ചില ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്.' തന്‍റെ പേരില്‍ തന്നെ സ്നേഹിക്കുന്നവര്‍ ചതിയില്‍ പെടരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതെന്നും രജിത് പറയുന്നു.

ഫേക്ക് അക്കൗണ്ടുകളില്‍ കൂടുതല്‍ ഫോളോവേഴ്‍സ് ഉള്ള ഒരു പേജും വീഡിയോയില്‍ രജിത് കുമാര്‍ കാണിക്കുന്നുണ്ട്. 'ഡോ രജിത് കുമാര്‍ ആര്‍' എന്നാണ് ഈ അക്കൗണ്ടിന്‍റെ പേര്. 'ഡോ. രജിത് കുമാര്‍' എന്ന ഒറിജിനല്‍ പേജും അദ്ദേഹം വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഫേക്ക് അക്കൗണ്ടുകള്‍ ഒറിജിനല്‍ ആണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാമെങ്കിലും ആരെയും അധിക്ഷേപിച്ച് പോസ്റ്റുകളോ കമന്‍റുകളോ ചെയ്യുന്ന ആളല്ല താനെന്നും അത്തരം പോസ്റ്റുകള്‍ വന്നാല്‍ വ്യാജമാണെന്ന് തിരിച്ചറിയണമെന്നും രജിത് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
 

click me!