നടൻ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നടി വിന്ദുജ മേനോൻ

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടി വിന്ദുജ മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിന്ദുജ തന്റെ അനുശോചനം അറിയിച്ചത്. മലയാള സിനിമയിൽ സ്രെണിവാസനെ പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ തനിക്കറിയില്ലെന്നും അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുമെന്നും വിന്ദുജ കുറിച്ചു.

"എന്റെ കയ്യിൽ ഈ രണ്ട് ചിത്രങ്ങൾ മാത്രമേയുള്ളൂ. പക്ഷേ ഓർമ്മകൾ എണ്ണമറ്റതാണ്, അവ എല്ലാകാലത്തേക്കുമായി ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു. ഒരു ചിത്രം പവിത്രത്തിന്റെ സെറ്റിൽ നിന്ന് എടുത്തതും മറ്റൊന്ന് നേഹയെ പരിചയപ്പെടുത്തിയപ്പോൾ എടുത്തതുമാണ്. ഒരു ഓർമ്മ ചിത്രമാണിത്. ശ്രീനിയേട്ടാ, നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു, എപ്പോഴും ആ സ്നേഹം ഉണ്ടായിരിക്കുകയും ചെയ്യും. മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല. പവിത്രത്തിന്റെ കാലം മുതൽ നിങ്ങൾ എന്റെ ഹൃദയത്തിൽ അങ്ങേയറ്റം ബഹുമാനത്തോടെ ഒരു പ്രത്യേക സ്ഥാനം നേടിയിരുന്നു. മലയാള സാഹിത്യത്തിലെ വാക്കുകളുടെ അർത്ഥങ്ങളും കാവ്യാത്മകമായ സൗന്ദര്യവും ചോദിച്ചു മനസ്സിലാക്കാൻ ഞാൻ പലതവണ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിട്ടുണ്ട്. താങ്കളെ വളരെയധികം മിസ്സ് ചെയ്യും.

വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു... വിമലേച്ചി, വിനീത്, ധ്യാൻ, ശ്രീനിയേട്ടന്റെ പല സിനിമകളിലെയും അനായാസമായ രംഗങ്ങൾ പോലെ ഈ ആഴമേറിയ വേദനയെ മറികടക്കാൻ നിങ്ങൾക്ക് കഴിയട്ടെ... കാരണം അദ്ദേഹം നിങ്ങളെയെല്ലാം അങ്ങനെ കാണാനാണ് ആഗ്രഹിക്കുന്നത്." വിന്ദുജ മേനോൻ കുറിച്ചു

View post on Instagram

അതേസമയം കലാ- സാംസ്കാരിക- രാഷ്ട്രീയ രംഗത്തുള്ള നിരവധി പേരാണ് ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനായി ടൗൺഹാളിൽ എത്തിച്ചേർന്നത്. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. നാലുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.