
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ(SS Rajamouli) ആർആർആർ(RRR Movie). ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു അതിന് കാരണം. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷക, നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ ബോക്സ് ഓഫീസിലും ചിത്രം മികച്ച വിജയമാണ് നേടുന്നത്. ഈ വിജയത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് രാം ചരൺ.
പത്ത് ഗ്രാമിന്റെ പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളാണ് അണിയറപ്രവർത്തകർക്കായി രാംചരൺ നൽകിയത്. ക്യാമറ സഹായികൾ, പ്രൊഡക്‌ഷൻ മാനേജർ, സ്റ്റിൽ ഫൊട്ടോഗ്രഫർ, പ്രൊഡക്‌ഷൻ മാനേജർമാർ, അക്കൗണ്ടന്റുമാർ എന്നിവർ ഉൾപ്പടെ, ചിത്രത്തിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാംചരൺ വീട്ടിലേക്ക് ക്ഷണിച്ച് സമ്മാനം നൽകിയത്. എല്ലാ സ്വർണ്ണ നാണയങ്ങളിലും ആർആർആർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.
ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ആഗോള ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ആര്‍ആര്‍ആര്‍. ആദ്യ വാരം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് 710 കോടിയാണ്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം ആദ്യവാരം ഇന്ത്യയില്‍ നിന്ന് നേടിയത് 132.59 കോടിയാണ്. കൊവിഡിനു ശേഷം ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ വാര ഗ്രോസ് കളക്ഷനും ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ് സ്വന്തം പേരില്‍ ആക്കി. സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായ് കത്തിയവാഡി എന്നീ സമീപകാല ബോളിവുഡ് ഹിറ്റുകളെയെല്ലാം ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ് പിന്നിലാക്കിയിരിക്കുകയാണ്.