
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിനം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 236 കോടി 70 ലക്ഷം രൂപയാണ്. ആദ്യത്തെ പ്രവര്‍ത്തിദിനമായ തിങ്കളാഴ്‍ച ഇന്ത്യയില്‍ മാത്രം 7,905 ഷോകളില്‍ നിന്ന് 12.5 കോടി പെദ്ധി നേടി. ഇന്ത്യയിലെ മാത്രം കളക്ഷൻ 201.92 കോടിയായി തിങ്കളാഴ്‍ച ടെസ്റ്റ് പാസ്സായി. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. അതിനിടെ നായികയെ ഉപഭോഗവസ്‍തുവായി ചിത്രീകരിച്ചുവെന്ന് സംവിധായകനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി നടിമാര്‍ സിനിമയിലെ നായികയെ ചിത്രീകരിച്ചതിനെതിരെ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു.
ആദ്യ 2 ദിനം കൊണ്ട് 181 കോടിയോളം നേടിയ ചിത്രം മൂനാം ദിനം നേടിയത് 55 കോടിയോളം ആഗോള ഗ്രോസ് ആണ്. ഇന്ത്യക്കു പുറമേ വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓവർസീസ് ഗ്രോസിലും ചിത്രം റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് ആദ്യ ദിനം ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ഹൈലൈറ്റ് രാം ചരണിന്റെ ഗംഭീര പ്രകടനമാണ്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനം നടത്തിയ രാം ചരൺ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ നല്കിയിരിക്കുന്നതെന്ന അഭിപ്രായമാണ് പ്രേക്ഷകർ പങ്ക് വെക്കുന്നത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്.
രാം ചരണിന്റെ പ്രകടനത്തിനൊപ്പം എ ആർ റഹ്മാൻ ഒരുക്കിയ സംഗീതവും വലിയ കയ്യടി നേടുന്നുണ്ട്. മെഗാ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ, വൈകാരിക നിമിഷങ്ങൾ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും നിർണ്ണായകമായ സ്ഥാനം ഉണ്ട്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്. രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ