
മലയാളത്തില്‍ നിന്ന് സമീപവര്‍ഷങ്ങളില്‍ ഇറങ്ങിയവയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച സിനിമാറ്റിക് എക്സ്പീരിയന്‍സ് പകര്‍ന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും വമ്പന്‍ ഹിറ്റ് ആയിരുന്നു ചിത്രം. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളില്‍ കളക്ഷനാണ് ചിത്രം നേടിയത്. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സംവിധായകന്‍ ചിദംബരത്തിന്‍റേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം ബാലന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. കന്നഡത്തിലെ വമ്പന്‍ ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ മോളിവുഡ് ചുവടുവെപ്പാണ് ചിത്രം. അതേസമയം ബാലനെക്കുറിച്ച് മറ്റൊരു വിവരവും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഹൈപ്പ് ഉയര്‍ത്തിയിരിക്കുകയാണ് ഒരു പ്രശസ്ത സംവിധായകന്‍റെ വാക്കുകള്‍.
ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് ബാലനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ചിദംബരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെ- “ഞാന്‍, മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ചിദംബരത്തോടൊപ്പം. അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ബാലന്‍റെ ഒരു ചെറിയ കട്ട് ഞാന്‍ കണ്ടു. അസാധാരണം എന്ന് പറയുന്നതിലും അപ്പുറമാണ് അത്. അതിഗംഭീരം”, രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകള്‍. മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍റെ അടുത്ത ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് സൃഷ്ടിച്ചിട്ടുള്ള ചിത്രമാണ് ബാലന്‍. രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകള്‍ ആ കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നതാണ്.
ആവേശം സംവിധായകന്‍ ജിത്തു മാധവനാണ് ബാലന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആവേശം, പൈങ്കിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു തിരക്കഥയൊരുക്കുന്ന ചിത്രമാണ് ബാലൻ. വെങ്കട് കെ നാരായണ നേതൃത്വം നൽകുന്ന കെ വി എൻ പ്രൊഡക്ഷൻസിനൊപ്പം എഴുത്തുകാരനായ ടി ചാണ്ടിയുടെ കൊച്ചുമകൻ സതീഷ് ഫെന്നിന്റെ ഭാര്യയായ ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ്‍യുടെ അവസാന ചിത്രമായ ജനനായകന്‍, യഷ് നായകനാവുന്ന ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്നക് കെ വി എൻ പ്രൊഡക്ഷൻസ് ആണ്. പൂർണ്ണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രമാണിത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധായകന്‍. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. അജയൻ ചാലിശ്ശേരി തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ