
സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക് ക്യാരക്ടർ ഇൻട്രോ. മാർച്ച് 19 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നിരവധി പേരാണ് ക്യാരക്ടർ ഇൻട്രോയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ രാം ഗോപാൽ വർമ്മ ടോക്സികിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹൻദാസ് എന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്. അവർ എങ്ങനെയാണ് അത് ചിത്രീകരിച്ചതെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.
"യഷ് നായകനാവുന്ന ടോക്സിക് ട്രെയ്‌ലര്‍ കണ്ട ശേഷം, സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹന്‍ദാസ് എന്നതില്‍ എനിക്കൊരു സംശയവുമില്ല. ഈ സ്ത്രീയുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകര്‍ക്കുമില്ല. അവര്‍ ഇങ്ങനൊന്ന് ചിത്രീകരിച്ചുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല." രാം ഗോപാൽ വർമ്മ കുറിച്ചു. എക്‌സിലൂടെയായിരുന്നു രാം ഗോപാൽ വർമ്മയുടെ പ്രതികരണം.
യാഷ് ‘കെജിഎഫ് ചാപ്റ്റർ 2’ ലൂടെ ബോക്‌സ് ഓഫീസ് ചരിത്രം പുനർനിർവചിച്ച ശേഷം, ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ എന്ന അതിമഹത്തായ പ്രോജക്ടിലൂടെ വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. നയൻതാര, ഹുമ ഖുറേഷി, കിയാരാ അദ്വാനി, രുക്മിണി വസന്ത് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.
കെ വി എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീർഘമായ ഉത്സവ വാരാന്ത്യമായ 2026 മാർച്ച് 19-നാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.പി ആർ ഓ: പ്രതീഷ് ശേഖർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ