
മുംബൈ: തന്‍റെ പുതിയ സിനിമയിലൂടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ചെയ്ത എല്ലാ ‘സിനിമാ പാപങ്ങളും’ കഴുകിക്കളയുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ചിത്രം പ്രഖ്യാപിച്ചുകൊണ്ട്, എക്സിലാണ് പ്രമുഖ സംവിധായകന്‍ തന്‍റെ അഭിപ്രായം പറഞ്ഞത്. തന്‍റെ ചിത്രം ഗംഭീരമായ സൃഷ്ടിയാകുമെന്നും രാം ഗോപാല്‍ വര്‍മ്മ അവകാശപ്പെട്ടു.
ഇന്ത്യയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുന്ന ഒരു ഭീകര ക്രിമിനൽ സംഘടനയുടെ ഉദയമാണ് തന്‍റെ ഈ സിനിമയെന്ന് വർമ്മ പറയുന്നു. മാഫിയ ഗ്യാങ്ങുകളുടെ തെരുവ് യുദ്ധങ്ങള്‍ ഇന്ത്യയിൽ ഒരു പ്രധാന ഭീഷണിയായിരുന്നെങ്കിൽ, ഇന്നത്തെ യഥാർത്ഥ അപകടം വിവിധ ആളുകളെ ഉൾക്കൊള്ളുന്ന ശക്തമായ ഒരു സിൻഡിക്കേറ്റിന്‍റെ രൂപീകരണമാണ്. രാഷ്ട്രീയ ശക്തികള്‍, നിയമപാലകർ, അതിസമ്പന്നരായ ബിസിനസുകാര്‍, സൈനിക ഉദ്യോഗസ്ഥര്‍ ഇങ്ങനെ വിവിധ ഭാഗക്കാര്‍ ഇതില്‍പ്പെടുന്നു.
ഇന്ന് രാജ്യത്ത് നടക്കുന്ന തീവ്രമായ ധ്രുവീകരണം എങ്ങനെയാണ് ഇത്തരമൊരു അപകടകരമായ സംഘം ഉയർന്നുവരാൻ പാകമാകുന്നതെന്ന് സിന്‌ഡിക്കേറ്റ് സിനിമ പറയും - രാം ഗോപാല്‍ വര്‍മ്മ പോസ്റ്റില്‍ പറയുന്നു.
ഈ എക്സ് പോസ്റ്റിന്‍റെ അവസാനമാണ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ചെയ്ത സിനിമ പാപങ്ങള്‍ എല്ലാം കഴുകി കളയുന്ന സിനിമയായിരിക്കും സിന്‍റിക്കേറ്റ് എന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.
സിൻഡിക്കേറ്റിനെക്കുറിച്ചുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റുപറച്ചിൽ തന്‍റെ മുൻകാല ചിത്രങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സത്യയെക്കുറിച്ച് അടുത്തിടെ പങ്കിട്ട ആത്മപരിശോധന കുറിപ്പുകളുടെ തുടര്‍ച്ചയാണ് എന്നാണ് ബോളിവുഡിലെ സംസാരം. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും സത്യയെ കാണുന്നത് തന്നെ വല്ലാതെ വികാരഭരിതനാക്കിയെന്ന് വർമ്മ വെളിപ്പെടുത്തിയിരുന്നു. സത്യ, രംഗീല തുടങ്ങിയ സിനിമകളുടെ വിജയം തന്നെ അഹങ്കാരിയാക്കിയെന്നും അത് തന്‍റെ സർഗ്ഗാത്മതയില്‍ ശ്രദ്ധ നഷ്‌ടപ്പെടാൻ ഇടയാക്കിയതെങ്ങനെയെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ