
തെലുങ്കു താരം റാം പൊത്തിനേനിയെ നായകനാക്കി മഹേഷ് ബാബു പി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. 'ആന്ധ്ര കിംഗ് താലൂക്ക' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 'മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി' എന്ന ചിത്രത്തിന് ശേഷം മഹേഷ് ബാബു പി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ്. കന്നഡ സൂപ്പർ താരം ഉപേന്ദ്ര ഒരു പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോർസെയാണ്. റാം പോത്തിനേനിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത്.
2000 കാലഘട്ടത്തിന്റെ തുടക്കത്തിൽ, നിറഞ്ഞു കവിഞ്ഞ ഒരു തിയേറ്ററിന് പുറത്തുള്ള ആരാധകരുടെ ആവേശത്തിന് നടുവിലാണ് ടൈറ്റിൽ ഗ്ലിമ്പ്സ് ആരംഭിക്കുന്നത്, അവിടെ ആന്ധ്രയിലെ താര രാജാവായ സൂര്യകുമാറിന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയറിനായി ടിക്കറ്റുകൾ തേടിയുള്ള കോളുകൾ സ്വീകരിക്കുന്ന തിരക്കിലാണ് തീയേറ്റർ ഉടമ. തുടക്കത്തിൽ വിഐപി റഫറൻസുകളുള്ളവർക്ക് ടിക്കറ്റുകൾ അനുവദിക്കുന്ന അദ്ദേഹം ഉടൻ തന്നെ നിരാശനായി ഫോൺ മാറ്റി വെക്കുന്നതും കാണാം. ആ നിമിഷത്തിൽ, സൂര്യകുമാറിൻ്റെ സവിശേഷമായ ശൈലി അനുകരിച്ചു കൊണ്ട് ഒരു സൈക്കിളിൽ റാം അവിടേക്ക് പ്രവേശിക്കുന്നു. "ആന്ധ്ര രാജാവിന്റെ ആരാധകരുടെ പേരിൽ" ഒരു യഥാർത്ഥ ആരാധകനാണെന്ന് താനെന്നു പ്രഖ്യാപിച്ചുകൊണ്ട്, ഏറെ ആത്മവിശ്വാസത്തോടെ 50 ടിക്കറ്റുകൾ റാം ചോദിക്കുന്നു. അതിൽ മതിപ്പ് തോന്നിയ തീയേറ്റർ ഉടമ നിശബ്ദമായി അതിനു സമ്മതം മൂളുന്നു. രാം തൻ്റെ കൂട്ടാളികൾക്കൊപ്പം ആഘോഷിക്കുകയും തൻ്റെ ആരാധനാമൂർത്തിയുടെ വലിയ കട്ട് ഔട്ടിന് മുന്നിൽ തകർത്താടുകയും ചെയ്യുമ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ "ആന്ധ്ര കിംഗ് താലൂക്ക" എന്നത് തെളിഞ്ഞു വരുന്നു.
ഒരു സൂപ്പർസ്റ്റാറിന്റെ അർപ്പണബോധമുള്ള ആരാധകന്റെ വേഷത്തിൽ റാം നിറഞ്ഞാടുമ്പോൾ ആ സൂപ്പർതാരമായി എത്തുന്നത് ഉപേന്ദ്രയാണ്. വളരെ സ്റ്റൈലിഷ് ആയാണ് സംവിധായകൻ റാമിനെ ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ സവിശേഷമായ നർമ്മശൈലിയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമാ ആരാധനയുടെ വൈകാരിക അടിത്തറയെ സ്പർശിക്കുന്ന ആരാധകർക്ക് ഇത് ഒരു നൊസ്റ്റാൾജിക്കും മനോഹരമായ അനുഭവവുമാണ് നൽകുന്നത്. റാവു രമേഷ്, മുരളി ശർമ, സത്യ, രാഹുൽ രാമകൃഷ്ണ, വി. ടി. വി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- വിവേക്- മെർവിൻ, എഡിറ്റർ- ശ്രീകർ പ്രസാദ് , പ്രൊഡക്ഷൻ ഡിസൈൻ- അവിനാശ് കൊല്ല, സിഇഒ- ചെറി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരിയും ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ