Ramadan Releases : തിയറ്ററുകളിലേക്ക് വീണ്ടും മലയാള സിനിമകൾ; പെരുന്നാൾ റിലീസുകൾ നാളെ മുതൽ

By Web TeamFirst Published Apr 27, 2022, 12:47 PM IST
Highlights

എല്ലാ ചിത്രങ്ങളുടെയും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ഒന്നര മാസത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ നിന്ന് സൂപ്പര്‍ താര ചിത്രങ്ങൾ തിയറ്ററുകളിലേക്ക്. മമ്മൂട്ടി (Mammootty) നായകനായ ഭീഷ്‍മ പര്‍വ്വവും കമല്‍ കെ എം സംവിധാനം ചെയ്‍ത പടയും ഒക്കെ എത്തിയ മാര്‍ച്ച് ആദ്യ രണ്ട് വാരങ്ങള്‍ക്കു ശേഷം പ്രധാന റിലീസുകള്‍ ഇപ്പോഴാണ്. റംസാന്‍ (Ramadan) നോമ്പ് കാലത്തിന്‍റെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് പെരുന്നാള്‍ റിലീസുകളായി തിയറ്ററുകളില്‍ എത്തുന്നത്. ഡിജോ ജോസ് ആന്‍റണിയുടെ പൃഥ്വിരാജ് (Prithviraj Sukumaran) ചിത്രം ജന ഗണ മന (Jana Gana Mana), സത്യന്‍ അന്തിക്കാടിന്‍റെ (Sathyan Anthikad) ജയറാം- മീര ജാസ്‍മിന്‍ ചിത്രം മകള്‍, മമ്മൂട്ടിയുടെ കെ മധു ചിത്രം സിബിഐ 5 ദ് ബ്രെയിന്‍ (CBI 5) എന്നിവയാണ് അവ. ഈ ചിത്രങ്ങളുടെയെല്ലാം അഡ്വാന്‍ഡ് ടിക്കറ്റ് റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്.

ഇതില്‍ ജന ഗണ മനയാണ് ആദ്യം എത്തുക. 28ന് ആണ് റിലീസ്. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡിജോ ജോസ് ആന്‍റണിയാണ് സംവിധായകന്‍. 2021 ജനുവരിയില്‍ പ്രോമോ പുറത്തെത്തിയ സമയത്ത് ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. ഷാരിസ് മുഹമ്മദിന്‍റേതാണ് ചിത്രത്തിന്‍റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

29 വെള്ളിയാഴ്ചയാണ് സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ റിലീസ്. ജയറാമും മീര ജാസ്മിനും ഒന്നിച്ചെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്. ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്‍മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തെത്തുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം. ജയറാമും മീര ജാസ്മിനും ഇതിനുമുന്‍പ് ഒരു ചിത്രത്തില്‍ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് ആണിത്.

മെയ് 1 ഞായറാഴ്ചയാണ് സിബിഐ 5 തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവാണ് ഈ ചിത്രം. കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ത്തന്നെ എത്തുന്ന ചിത്രത്തിന്‍റേതായി ഇതുവരെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നതെന്നാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വ്യക്തമാക്കിയിട്ടുള്ളത്. വിക്രം എന്ന കഥാപാത്രമായി ജഗതി ശ്രീകുമാറും സ്ക്രീനില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ കൌതുകങ്ങളില്‍ ഒന്ന്.

മറുഭാഷകളില്‍ നിന്ന് ചില പ്രധാന റിലീസുകളും ഈ വാരാന്ത്യം തിയറ്ററുകളില്‍ എത്തുന്നുണ്ട്. വിജയ് സേതുപതി, നയന്‍താര, സാമന്ത റൂത്ത് പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ ഒരുക്കിയ തമിഴ് ചിത്രം കാതുവാക്കിലെ രണ്ടു കാതല്‍, ബോളിവുഡ് ചിത്രം ഹീറോപന്തി 2 എന്നിവയാണ് ഇവയില്‍ പ്രധാനം. വിഘ്നേഷ് ശിവന്‍ 28നും ഹീറോപന്തി 29നുമാണ് എത്തുക. അതേസമയം മലയാളത്തില്‍ നിന്ന് ബിഗ് റിലീസുകള്‍ ഒഴിവായിനിന്ന റംസാന്‍ നോമ്പ് കാലത്ത് ബിഗ് ബജറ്റ് മറുഭാഷാ ചിത്രങ്ങളാണ് കേരളത്തിലെ തിയറ്ററുകളില്‍ ആളെക്കൂട്ടിയത്. രാജമൌലിയുടെ ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2, വിജയ് നായകനായ ബീസ്റ്റ് എന്നിവയായിരുന്നു അത്തരത്തിലുള്ള പ്രധാന റിലീസുകള്‍. ഇവയില്‍ ആര്‍ആര്‍ആറും കെജിഎഫ് 2ഉും മികച്ച വിജയം നേടി. ഇതില്‍ കേരളത്തിലെ റിലീസ്‍ദിന ഗ്രോസ് കളക്ഷനില്‍ ഒടിയനെ മറികടന്ന് കെജിഎഫ് 2 റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

click me!