
കൊച്ചി: പ്രമുഖ നിർമ്മാതാവായ നമിത് മൽഹോത്ര അണിയിച്ചൊരുക്കുന്ന രാമായണം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഗംഭീര താരനിര, ലോകോത്തര വിഎഫ്എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ഒരു ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമ രംഗത്തെ തന്നെ രണ്ട് വലിയ സൂപ്പർസ്റ്റാറുകളായ രൺബീർ കപൂർ ശ്രീ രാമനായും, യാഷ് രാവണനായും എത്തുന്ന ഈ സിനിമയിൽ, പക്ഷെ അവർ ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്ന ഭാഗങ്ങൾ കുറവാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിലുടനീളം വ്യത്യസ്തമായി വഴികളിൽ ആയാണ് അവരുടെ കഥാഗതി നീങ്ങുന്നത്, സീതയെ അപഹരിച്ച ശേഷം ലങ്കയിലെ യുദ്ധക്കളത്തിൽ വെച്ച് അവർ ഏറ്റുമുട്ടുന്നതുവരെ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നില്ല. ഇക്കാര്യങ്ങൾ ചിത്രത്തിൻറെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
രൺബീർ കപൂറിന്റെയും, യാഷിന്റെയും കഥാപാത്രങ്ങളുടെ വ്യത്യസ്ത ധ്രുവങ്ങളിലൂടെയുള്ള യാത്ര, ഇതിഹാസം ആവശ്യപ്പെടുന്ന വൻതോതിലുള്ള ആഖ്യാനരീതികളിലൂടെ തന്നെ സ്‌ക്രീനിലെത്തിക്കാനുള്ള നിതീഷ് തിവാരിയുടെയും സംഘത്തിന്റെയും ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ധർമവും സദ്ഗുണങ്ങളും സഞ്ചരിക്കുന്ന ഒരു പാതയും, അധികാരവും അഹങ്കാരവും സഞ്ചരിക്കുന്ന മറ്റൊരു പാതയും തമ്മിൽ കഥാന്ത്യത്തിലുണ്ടാവുന്ന ഏറ്റുമുട്ടൽ ഗംഭീരമായി എടുക്കാനാണ് അണിയറക്കാരുടെ ശ്രമം. . സീതയായി സായ് പല്ലവിയും ഹനുമാൻ ആയി സണ്ണി ഡിയോളും യാഷിനൊപ്പം സ്‌ക്രീനിൽ വരുന്നുണ്ടെങ്കിലും, തീർച്ചയായും ശ്രീരാമന്റെ കഥാപാത്രമായി വരുന്ന രൺബീർ കപൂറുമൊത്തുള്ള രംഗങ്ങൾ തന്നെയാവും ചിത്രത്തിൻറെ പ്രധാന ആകർഷണം.
നിലവിൽ പ്രമുഖ ബോളിവുഡ് സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന പുതിയ ചിത്രത്തിൽ വിക്കി കൗശൽ, ആലിയ ഭട്ട് എന്നിവർക്കൊപ്പം ചിത്രീകരണത്തിലേർപ്പെട്ടിരിക്കുന്ന രൺബീർ. ഈ ചിത്രത്തിനായി രൺബീർ പ്രേത്യേക ലുക്കിലാണ് എന്നതാണ് നിലവിൽ രാമായണത്തിന്റെ ചിത്രീകരണം നടക്കാത്തതിന് കാരണം.ഒപ്പം നിർമ്മാണഘട്ടത്തിൽ നേരിടുന്ന മറ്റുചില കാലതാമസങ്ങളും താരത്തിന്റെ തയ്യാറെടുപ്പുകളെ ബാധിക്കുന്നു.
2 ഭാഗങ്ങളായി നിർമ്മിക്കപ്പെടുന്ന ഈ സിനിമയുടെ ചിത്രീകരണം മുംബൈയിലെ സെറ്റുകളിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൻറെ ആദ്യ ഭാഗം 2026ലെ ദീപാവലിക്കും, രണ്ടാമത്തേത് 2027ലെ ദീപാവലിയിലും പ്രദർശനത്തിനെത്തും. സമീപകാലത്തെ പല സൂപ്പർസ്റ്റാർ ചിത്രങ്ങളിലും താരങ്ങൾ തമ്മിലുള്ള രംഗങ്ങൾ പരമാവധി ഉൾപ്പെടുത്തി വലിയ ഒരു ഓളം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, അതിനെല്ലാം വിപരീതമായി, കഥക്ക് മുൻതൂക്കം നൽകി വളരെ സ്വാഭാവികമായി രാമായണത്തെ പുനരാവിഷ്കരിക്കുകയാണ് രാമായണത്തിന്റെ അണിയറപ്രവർത്തകർ.
നമിത് മൽഹോത്ര നിർമ്മിച്ച്, നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രാമായണത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ