രണ്ടാമൂഴം കേസ്: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു; എംടിക്ക് നോട്ടീസ്

By Web TeamFirst Published Feb 17, 2020, 4:01 PM IST
Highlights

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍റെ ആവശ്യം.

ദില്ലി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. എം ടി വാസുദേവൻ നായർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേസിൽ മധ്യസ്ഥ ചർച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് ശ്രീകുമാര്‍ മേനോൻ സുപ്രീംകോടതിയിലെത്തിയത്.

വാഴ്‍ത്തപ്പെടാത്ത നായകനായ ഭീമന്‍റെ കഥ പറയുന്ന രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എംടിയും ശ്രീകുമാറും 2014 ലാണ് കരാര്‍ ഒപ്പുവെച്ചത്. അഞ്ച് വര്‍ഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചുചോദിച്ച് എം ടി കോടതിയെ സമീപിച്ചത്. കോഴിക്കോട് മുൻസിഫ് കോടതിയിലാണ് എം ടി ആദ്യം ഹർജി നൽകിയത്. ഇതേത്തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുൻസിഫ് കോടതിയിൽ തുടരുകയാണ്. 

മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് ആദ്യം മുതലേ എംടിയുടെ നിലപാട്. എംടിയും വി എ ശ്രീകുമാറുമായുള്ള കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് എംടി, സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.

click me!