
തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക പ്രതിസന്ധികളിലും നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ് ഡൽഹിയിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്‍റെ വിയോജിപ്പും സങ്കടവും രേഖപ്പെടുത്തിയിരുന്ന രഞ്ജിനി, അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയോ ചർച്ചയോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നേരിട്ട് പ്രതിഷേധ സ്ഥലത്തേക്ക് തിരിക്കാൻ തീരുമാനിച്ചത്.
തുടർച്ചയായ പരീക്ഷാ ചോർച്ചകളും അതുമൂലം വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യകളും തന്നെ ആഴത്തിൽ ബാധിച്ചുവെന്ന് രഞ്ജിനി വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക് അടക്കമുള്ളവർ നടത്തുന്ന സമാധാനപരമായ നിരാഹാര സമരങ്ങളോട് ഭരണകൂടം കാണിക്കുന്ന അവഗണനയും, കഴിഞ്ഞ ദിവസം അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത രീതിയുമാണ് തന്നെ പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് താരം പറഞ്ഞു.
"ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരെയുള്ള പ്രതികരണമല്ല, മറിച്ച് ദുരിതമനുഭവിക്കുന്ന രാജ്യത്തെ യുവാക്കൾക്ക് വേണ്ടിയുള്ള ശബ്‍ദമുയർത്തലാണ്. ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. എന്നാൽ സമരം ചെയ്യുന്നവരെ ഭീകരവാദികളെപ്പോലെയാണ് അധികാരികൾ കൈകാര്യം ചെയ്യുന്നത്. നമ്മൾ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയവർ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണ്. ഇത് ജനാധിപത്യമാണ്, ഏകാധിപത്യമല്ല."
ദക്ഷിണേന്ത്യയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുക എന്നത് സാമ്പത്തികമായും സമയപരമായും ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് തനിക്കറിയാമെന്നും, ജോലിത്തിരക്കുകൾക്കിടയിലും രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ നിശബ്‍ദയായിരിക്കാൻ തനിക്ക് സാധിക്കാത്തതുകൊണ്ടാണ് യാത്ര തിരിക്കുന്നതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും 30 വയസിൽ താഴെയുള്ള യുവാക്കളാണ്. അവരുടെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് ഓരോ മുതിർന്ന പൗരന്‍റെയും കടമയാണ്. നേരിട്ട് വരാൻ സാധിക്കാത്തവർ തങ്ങൾക്കുള്ള മാധ്യമങ്ങളിലൂടെയെങ്കിലും ഈ അനീതിക്കെതിരെ ശബ്‍ദമുയർത്തണമെന്നും, നാളത്തെ പ്രതിഷേധങ്ങൾ സമാധാനപരമായി നടക്കുമെന്നും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും പ്രത്യാശിക്കുന്നതായി രഞ്ജിനി ഹരിദാസ് തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിലൂടെ വ്യക്തമാക്കി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ