
കൊച്ചി: പീഡന പരാതി വിവാദങ്ങൾക്കിടെ പ്രതികരണവുമായി റാപ്പര്‍ വേടൻ. ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണെന്നും എന്നാൽ, ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ലെന്നും റാപ്പര്‍ വേടൻ പറഞ്ഞു. പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്‍റെ പ്രസ്താവന. തന്‍റെയീ ഒറ്റ ജീവിതം ഈ ജനങ്ങൾക്കിടയിൽ ജീവിച്ചു മരിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും വേടൻ പറഞ്ഞു. ബലാത്സംഗ കേസിൽ നാളെ തൃക്കാക്കര പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് വേടന്‍റെ പ്രതികരണം.
യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ റാപ്പർ വേടന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഒരു വ്യക്തിയുടെ ഭാവിയെ ബാധിക്കും വിധം മുൻകൂർ ജാമ്യം അനുവദിക്കാത്തത് നീതി നിഷേധമാകുമെന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി നടപടി. മുൻകൂര്‍ ജാമ്യം ലഭിച്ചശേഷമുള്ള ആദ്യ പരിപാടിയായിരുന്നു കോന്നിയിലേത്.കേസിലെ അതിജീവിത മുൻകൂർ ജാമ്യം നൽകുന്നതിനെ കോടതിയിൽ എതിർത്തിരുന്നു.ഹിരൺദാസ് മുരളിയെന്ന വേടൻ സെപ്റ്റംബർ 9,10 ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന പ്രധാന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു.
യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.വിവാഹത്തിൽ നിന്ന് വേടൻ പിന്മാറിയത് മാനസികാരോഗ്യം തകർത്തുവെന്നും അത് കൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നുമാണ് അതിജീവതയുടെ അഭിഭാഷക വാദിച്ചത്. ഒരു കേസ് കൂടി സെൻട്രൽ പൊലീസ് വേടനെതിരെ രജിസ്റ്റർ ചെയ്തതും അഭിഭാഷക ചൂണ്ടിക്കാട്ടി.എന്നാൽ ബന്ധം പിരിഞ്ഞ ശേഷം വ്യക്തികൾ മറ്റുള്ളവരുടെ ഭാവി നശിപ്പിക്കാറുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. സമൂഹമാധ്യമ പോസ്റ്റുകൾ വഴിയുള്ള അടിസ്ഥാനമില്ലാത്ത വാദങ്ങൾ പരിഗണിക്കാനാകില്ലെന്നും വിവാഹ വാഗ്ദാനമെന്നത് ക്രിമിനൽ കുറ്റം ചുമത്താൻ പര്യാപ്തമല്ലെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്ന കാലത്തുണ്ടായ ശാരീരിക ബന്ധം അകൽച്ചയോടെ എങ്ങനെ ബലാത്സംഗമാകുമെന്നും കോടതി ചോദിച്ചിരുന്നു. തുടർന്നാണ് പരാതിക്കാരിയെ സ്വാധീനിക്കുകയോ ഭീഷണിപെടുത്തുകയോ ചെയ്യരുതെന്നും അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെ കോടതി വേടന് ജാമ്യം നൽകിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ