വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' പൃഥ്വിരാജിന്റെ 'കങ്കാരു'വിൻ്റെ റീമേക്കാണോ എന്ന ചർച്ചകൾ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു

ലക്കി ഭാസ്കറും വാത്തിയുമൊക്കെ ഒരുക്കിയ വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ചിത്രം. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ യുഎസ്പി ഇതാണ്. വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന് ഈ മാസം രണ്ടിന് പേര് പ്രഖ്യാപിക്കപ്പെട്ട ചിത്രം സൂര്യ ആരാധകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ലക്കി ഭാസ്കര്‍ സംവിധായകന് മിനിമം ഗ്യാരന്‍റിയുണ്ട് എന്നതുതന്നെ കാരണം. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സൂര്യയ്ക്ക് കരിയറില്‍ ഒരു തിരിച്ചുവരവ് ഏറ്റവും ആവശ്യമുള്ള സമയവുമാണ് ഇത്. എന്നാല്‍ പേരിനൊപ്പം രണ്ടാം തീയതി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ഒരു മുന്‍കാല ചിത്രത്തിന്‍റെ റീമേക്ക് ആണോ സൂര്യ ചിത്രം എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. ഇപ്പോഴിതാ അക്കാര്യത്തില്‍ വ്യക്തത വരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

പൃഥ്വിരാജ് നായകനായി 2007 ല്‍ പുറത്തെത്തിയ മലയാള ചിത്രം കങ്കാരുവിന്‍റെ റീമേക്ക് ആയിരിക്കും വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നായിരുന്നു കഴിഞ്ഞ ഏതാനും ദിനങ്ങളായി സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളുടെ ചര്‍ച്ചകള്‍. അതിന് കാരണം സൂര്യ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആയിരുന്നു. ബേബി ഹഗ് കാരിയറില്‍ ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്ന സൂര്യ ആയിരുന്നു ചിത്രത്തില്‍. കങ്കാരു സിനിമയില്‍ പൃഥ്വിരാജും സമാനരീതിയില്‍ കുഞ്ഞിനെ എടുക്കുന്നുണ്ട്. കങ്കാരുവിന്‍റെ പോസ്റ്ററിലും ആ ഫോട്ടോ ഉണ്ടായിരുന്നു എന്ന് മാത്രമല്ല ചിത്രത്തിന്‍റെ പേരിന് പിന്നിലെ പ്രചോദനവും അത് ആയിരുന്നു. എന്നാല്‍ രണ്ട് ചിത്രങ്ങള്‍ക്കുമിടയിലെ സാമ്യം ആ പോസ്റ്ററില്‍ അവസാനിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Scroll to load tweet…

സൂര്യ ചിത്രത്തിന് കങ്കാരുവുമായി ബന്ധമൊന്നുമില്ലെന്ന് തെലുങ്ക് മാധ്യമമായ 123 തെലുങ്ക് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രം വെങ്കി അറ്റ്ലൂരി എഴുതിയ ഒറിജിനല്‍ സ്ക്രിപ്റ്റ് ആണെന്നും അല്ലാതെയുള്ള പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. മമിത ബൈജുവാണ് സൂര്യ ചിത്രത്തിലെ നായിക. രവീണ ടണ്ടനും രാധിക ശരത്കുമാറും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശിയും സായ് സൗജന്യയുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

Asianet News Live | Malayalam Live News | Iran-Israel conflict | Breaking News | HD News Streaming