'മിന്നല്‍ മുരളി'യുടെ സെറ്റ് തകര്‍ത്ത സംഭവം; പ്രതികരണവുമായി സംവിധായകന്‍ ബേസില്‍ ജോസഫ്

By Web TeamFirst Published May 25, 2020, 8:43 AM IST
Highlights

 ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും ...

കൊച്ചി: 'മിന്നല്‍ മുരളി' എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ്. ഒരു  മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയുമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബേസില്‍ പറഞ്ഞു.

ബേസിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ  ഞങ്ങൾക്ക് ഇതൊരു സ്വപ്നം  ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു ചെറിയ അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ "ഇനി എന്ന്" എന്നോർത്തു  കുറച്ചു വിഷമവും ഒക്കെ  തോന്നുമായിരുന്നു.

ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്.  ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്.  ഒരു  മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും ...

നേരത്തെ സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തു നിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു ഫേസ്‌ബുക്ക് പോസ്റ്റില്‍ ഹരി പാലോട്.  

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് മിന്നല്‍ മുരളി ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ സിനിമയില്‍ അജു വര്‍ഗീസ് അഭിനയിക്കുന്നുണ്ട്. തമിഴ് താരം ഗുരു സോമസുന്ദരം, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. 

click me!