
മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ചത് വലിയ ഞെട്ടലാണ് കേരളജനതയല്‍ ഉണ്ടാക്കിയത്. ചിത്രത്തിന്റെ സെറ്റ് പൊളിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്‍തത് കേരളത്തിലെ നിയമ സംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുന്നത് ആണ് എന്ന് സംവിധായകൻ ഡോ. ബിജു പറയുന്നു.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് ബജ്റംഗദൾ പ്രവർത്തകർ തകർത്തിരുന്നു. കേരളത്തിൽ ആണ്. ഇനിയും നേരം വെളുത്തിട്ടില്ലാത്ത നിഷ്‍പക്ഷർ ഉറക്കം ഉണരുന്നത് നല്ലത്.
ഇത് ക്രിമിനൽ പ്രവർത്തനം ആണ്. അതിൽ കുറഞ്ഞ മറ്റൊന്നുമല്ല. അക്രമികൾക്ക് എതിരെ സംസ്ഥാന സർക്കാർ കടുത്ത നടപടികൾ ഉടൻ തന്നെ സ്വീകരിക്കും എന്നാണ് കരുതുന്നത്. സിനിമയുടെ പ്രവർത്തകരിൽ നിന്നും ഫോർമൽ കംപ്ലയിന്റ് കിട്ടാൻ പോലും കാത്തിരിക്കരുത് . തങ്ങൾ എന്ത് ചെയ്‍താലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തങ്ങളെ ഒന്നും ചെയ്യില്ല എന്ന ക്രിമിനലുകളുടെ ബോധ്യവും ഹുങ്കും ആണ് ഇത്ര പരസ്യമായി ഇത്തരത്തിൽ ഒരു പ്രവർത്തിക്ക് അവർ മുതിർന്നത്. കടുത്ത നടപടികൾ തന്നെ എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും. ഇമ്മാതിരി തോന്നിവാസങ്ങൾ മതത്തിന്റെ പേരിൽ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന കർശന നിലപാട് അടുത്ത മണിക്കൂറുകളിൽ തന്നെ സർക്കാരിൽ നിന്നും ഉണ്ടാകണം. ഭാവിയിൽ പൊളിക്കപ്പെടാനിടയുള്ള ക്രിസ്ത്യൻ, മുസ്‌ലിം പള്ളികളെ സംരക്ഷിക്കണമെങ്കിൽ നടപടികൾ തുടക്കത്തിലേ ഉണ്ടാകണം.
ഏതായാലും അക്രമികൾ തന്നെ തങ്ങളുടെ ഫോട്ടോ ഉൾപ്പെടെ ഫേസ്‍ബുക്ക് പോസ്റ്റ് ഇട്ടു അക്രമം സമ്മതിച്ചത് കൊണ്ടും കൂട്ട് പ്രതികളുടെ പേരുകൾ പറഞ്ഞിട്ടുള്ളത് കൊണ്ടും പൊലീസിന് കാര്യങ്ങൾ എളുപ്പമാണല്ലോ. ഇത് അവരുടെ മണ്ടത്തരമാണ് എന്ന് വിലയിരുത്തുന്നവർക്ക് തെറ്റി. ഇത് അവരുടെ ആത്മ വിശ്വാസമാണ്. കേരളത്തിലെ നിയമ സംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുക ആണ്. ഇവിടുത്തെ നിയമ സംവിധാനത്തിന് തങ്ങളെ തൊടാൻ പറ്റില്ല എന്ന പ്രഖ്യാപനം ആണ്. ഇതിനെയാണ് നമ്മൾ അഡ്രസ്സ് ചെയ്യേണ്ടത്. അങ്ങനെയുള്ള തോന്നലിനെയാണ് സർക്കാർ പ്രാഥമികമായി നിലയ്ക്ക് നിർത്തേണ്ടത്.
നിർമാതാവ് സോഫിയ പോളിനും , സംവിധായകൻ ബേസിൽ ജോസഫിനും ഒപ്പം. നിങ്ങളുടെ സെറ്റ് മാത്രമേ ഈ ക്രിമിനൽ കൂട്ടത്തിനു തകർക്കാൻ പറ്റൂ. നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ ഒന്ന് തൊടാൻ പോലും ഇമ്മാതിരി വിവരംകെട്ട കൂട്ടത്തിനു സാധിക്കില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ