
റീ റിലീസ് ആയി എത്തുന്ന സിനിമകള്‍ തിയറ്റര്‍ നിറയ്ക്കുന്ന ട്രെന്‍ഡ് തെന്നിന്ത്യന്‍ സിനിമയില്‍ വലിയ സ്കെയിലില്‍ ആദ്യം ആരംഭിച്ചത് തമിഴില്‍ ആണ്. പിന്നീട് ഇത് മലയാളത്തിലേക്കും എത്തി. ആദ്യമെത്തിയ ചില ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് കാര്യമായി പ്രേക്ഷകരെ എത്തിച്ചതോടെ നിരവധി റീ റിലീസുകള്‍ മലയാളത്തിലും എത്തി. എന്നാല്‍ റീമാസ്റ്ററിംഗ് എന്നത് വെറും അവകാശവാദം മാത്രമായ ചില ചിത്രങ്ങളും അക്കൂട്ടത്തില്‍ എത്തിയിരുന്നു. വിജയങ്ങള്‍ പോലെ വന്‍ പരാജയങ്ങളും മലയാളത്തിലെ റീ റിലീസുകളുടെ കൂട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി മലയാളത്തില്‍ റീ റിലീസിന് ഒരുങ്ങുകയാണ്.
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2001 ല്‍ പുറത്തെത്തിയ രാവണപ്രഭുവാണ് ആ ചിത്രം. തിരക്കഥാകൃത്തെന്ന നിലയില്‍ അതിന് മുന്‍പ് തന്നെ വലിയ കൈയടികള്‍ നേടിയ രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു രാവണപ്രഭു. തന്‍റെ തന്നെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1993 ല്‍ പുറത്തെത്തി കള്‍ട്ട് സ്റ്റാറ്റസ് നേടിയ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ അയാളുടെ മകനൊപ്പം അവതരിപ്പിക്കുകയായിരുന്നു സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ രഞ്ജിത്ത്. ചിത്രം വന്‍ വിജയവുമായിരുന്നു. ഒരു ദിവസത്തിനപ്പുറം ഒക്ടോബര്‍ 10, വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റീ റിലീസ്. റീ റിലീസിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുമുണ്ട്.
മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ എത്തിയ റീ റിലീസ് തിയറ്ററുകളില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്. കൊച്ചിന്‍ കാര്‍ണിവലിന്‍റെ പശ്ചാത്തലത്തില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ ആയിരുന്നു അത്. മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ കാത്തിരിപ്പ് സൃഷ്ടിച്ചിട്ടുള്ള റീ റിലീസ് ആണ് രാവണപ്രഭുവിന്‍റേത്. അച്ഛനും മകനുമായി മോഹന്‍ലാല്‍ നിറഞ്ഞാടുന്നത് കൂടുതല്‍ മിഴിവില്‍ കാണാന്‍ കാത്തിരിക്കുകയാണ് അവര്‍. അതേസമയം റീ റിലീസില്‍ ചിത്രം വര്‍ക്ക് ആവുമോ എന്നറിയാന്‍ കാത്തിരിക്കുകതന്നെ വേണം.
അതേസമയം മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ കളക്ഷനില്‍ മുന്നിലെത്തിയ ആറ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ദേവദൂതന്‍ ആണ്. 5.4 കോടിയാണ് ചിത്രത്തിന്‍റെ റീ റിലീസ് ആഗോള ഗ്രോസ്. സ്ഫടികമാണ് മലയാളത്തിലെ റീ റിലീസ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 4.95 കോടിയാണ് ചിത്രം നേടിയത്. മൂന്നാം സ്ഥാനത്ത് മണിച്ചിത്രത്താഴും നാലാമത് ഛോട്ടോ മുംബൈയും. 4.6 കോടിയും 4.3 കോടിയുമാണ് ചിത്രങ്ങള്‍ യഥാക്രമം നേടിയത്. ഒരു വടക്കന്‍ വീരഗാഥയാണ് അഞ്ചാമത്. 1.60 കോടിയാണ് റീ റിലീസ് ആഗോള ഗ്രോസ്. വല്യേട്ടനാണ് ആറാം സ്ഥാനത്ത്. 95 ലക്ഷമാണ് ചിത്രത്തിന്‍റെ റീ റിലീസ് ഗ്രോസ്. രാവണപ്രഭു ഈ ലിസ്റ്റില്‍ ഇടംപിടിക്കുമോ എന്നും ഫൈനല്‍ കളക്ഷനില്‍ എത്രാമത് എത്തുമെന്നും അറിയാന്‍ കാത്തിരിക്കണം.