
ഒരു മുൻവിധിയും ഇല്ലാതെ വന്ന് വൻ ഹിറ്റായി മാറുന്ന ചില സിനിമകൾ ഉണ്ട്. അടുത്തകാലത്ത് മലയാള സിനിമയിൽ അത്തരം ഹിറ്റുകൾ ഉണ്ടാകാറുണ്ട്. രോമാഞ്ചം ആയിരുന്നു ആക്കൂട്ടത്തിലെ ആദ്യ സിനിമ. അത്തരത്തിൽ മുൻവിധികളെ എല്ലാം മാറ്റിമറിച്ച് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ആർഡിഎക്സ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ തകർത്തഭിനയിച്ച ചിത്രം 50 കോടിയും പിന്നിട്ട് പല ബോക്സ് ഓഫീസ് റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച ഈ 'അടിപ്പട'ത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആർഡിഎക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ റലീസിന് മുൻപ് തന്നെ ഒടിടി അവകാശം ഇവർ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആർഡിഎക്സിന്റെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബർ 22ന് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുമെന്നും ട്വിറ്റര്‍ ചര്‍ച്ചകളുണ്ട്. തീയറ്ററിൽ വൻ ദൃശ്യവിരുന്നൊരുക്കിയ ചിത്രം ഒന്നു കൂടി ഒടിടിയിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഇപ്പോൾ.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റോബർട്ട്, ഡോണി, സേവ്യർ എന്നിവരുടെ ചുരുക്കെഴുത്താണ് ആർഡിഎക്സ്. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രശംസയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓണം റിലീസ് ആയെത്തിയ മറ്റ് രണ്ട് ചിത്രങ്ങളെയും പിന്നിലാക്കി സർപ്രൈസ് ഹിറ്റൊരുക്കി ആർഡിഎക്സ്. മലയാള ചിത്രങ്ങളുടെ ഉയർന്ന കേരള കളക്ഷനിൽ ദൃശ്യം, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളെ പിന്നിലാക്കി ജൈത്രയാത്ര തുടരുകയാണ് സിനിമ ഇപ്പോള്‍.
ഒടിടി റിലീസിന് മുന്നോടിയായി ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടിയിൽ എത്താൻ ആർഡിഎക്സിന് കഴിയുമോ എന്ന് കണ്ടുതന്നെ അറിയണം.വീക്കൻഡ് ബ്ലോക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് ആർഡിഎക്സ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ബജറ്റ് എട്ട് കോടിയെന്നാണ് അനൗദ്യോതിക വിവരം. നഹാസിന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ