
ജോസൺ രാജകാലം കെ ഡ്രാമകൾക്ക് പ്രിയപ്പെട്ടതാണ്. ഒട്ടേറെ സീരീസുകളാണ് ജോസൺ രാജകഥകളുടെ പശ്ചാത്തലത്തിൽ നിർമിക്കപ്പെട്ടതും വാണിജ്യവിജയം നേടിയതും. യഥാർത്ഥസംഭവങ്ങളുടെ നുറുങ്ങ് അഥവാ ജിസ്റ്റ് എടുത്ത് അതിൽ ഭാവനയുടെ മേമ്പൊടി ചേർത്ത് മികവോടെ നിർമിച്ചെടുക്കുന്ന സീരീസുകൾ ജനപ്രിയമാണ്. പീരീഡ് ഡ്രാമയിൽ അഭിനയിക്കുക എന്നത് പ്രമുഖ താരങ്ങളുടെയെല്ലാം ഇഷ്ടവും അഭിമാനപ്രശ്നവുമാണ്. രാജകാലത്തെ വസ്ത്രങ്ങൾ ആർക്കാണ് കൂടുതൽ ഇണങ്ങിയത്, ആർക്കാണ് ഭംഗി ഇത്യാദി ചർച്ചകളും കെ ഡ്രാമ ആരാധകർക്ക് ഇടയിൽ പൊടിപൊടിക്കാറുണ്ട്. ഈ വിഭാഗത്തിലെ പുതിയ ഹിറ്റാണ് റെഡ് സ്ലീവ്സ്.
അച്ഛനും അമ്മയും മരിച്ചുപോയ ദോക്കിമോ ബാല്യകാലത്ത് തന്നെ കൊട്ടാരത്തിൽ ജോലിക്കായി എത്തുന്നു. സഹോദരന് ഒരു ഭാവി, കൊട്ടാരത്തിൽ തന്നെ സുരക്ഷിതമായ ജോലി. ദോക്കിമോ അതുമാത്രമേ ആലോചിക്കുന്നുള്ളു. ബുദ്ധിയുണ്ട്, ഭാഷയുണ്ട്, പണിയെടുക്കാൻ മടിയില്ല. കോർട്ട് ലേഡി അഥവാ കൊട്ടാരത്തോഴിയാകാനുള്ള പരിശീലനങ്ങളെല്ലാം അവൾ നന്നായി ചെയ്യും. മൂന്ന് ഉറ്റ സുഹൃത്തുക്കളുണ്ട്. പരിശീലനത്തിന് നേതൃത്വം നൽകുന്ന സീനിയർ കോർട്ട് ലേഡി അവൾക്ക് അമ്മയെ പോലെയാണ്.
രാജകുമാരന്റെ കൊട്ടാരത്തിലാണ് അവളെ നിയോഗിച്ചിരിക്കുന്നത്. ലൈബ്രറി ഹാളിൽ വെച്ച് ഒരു ചെറുപ്പക്കാരനെ
അവൾ കണ്ടുമുട്ടുന്നു. തെറ്റിദ്ധാരണയും ചെറിയ തല്ലുകൂടലും ഒക്കെകഴിഞ്ഞ് അവർക്കിടയിൽ ഒരു സൗഹൃദം ഉടലെടുക്കുന്നുണ്ട്. രാജകുമാരന്റെ അധ്യാപക സദസ്സിലെ ഒരാളായിട്ടാണ് ദോക്കിമോ അയാളെ മനസ്സിലാക്കിയിട്ടുള്ളത്. പിന്നെ അവൾ തിരിച്ചറിയുന്നു, അത് രാജകുമാരനാണെന്ന്. അടുത്ത കിരീടാവകാശി.
യീ സാൻ എന്ന രാജകുമാരൻ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കിരീടാവകാശിയാണ്. രാജാവായ മുത്തച്ഛന്റെ ശാസനകളും നിയന്ത്രണങ്ങളും പരിധിവിടുന്നതിൽ കുറച്ച് സങ്കടമുണ്ടെങ്കിലും മുത്തച്ഛൻ അയാൾക്ക് ജീവനാണ്. മനോരോഗത്തെ തുടർന്നുള്ള പിതാവിന്റെ മരണവും അത് കൊട്ടാരത്തിലുണ്ടാക്കിയ പ്രശ്നങ്ങളും ഒക്കെ യി സാനെ വേട്ടയാടുന്നുണ്ട്. അൽപം വികൃതിയും നിഷേധവും തമാശയും അതസമയം നല്ല ബുദ്ധിയും ആത്മാർത്ഥതയും. ദോക്കിമോയുടെ സൗഹൃദം യി സാന് തണലാകുന്നു. ആശ്വാസവും. അത് പ്രണയം തന്നെയാണ് യി സാൻ തിരിച്ചറിയുന്നുണ്ട്. ദോക്കിമോക്ക് എന്ത് ബുദ്ധിമുട്ട് വരുമ്പോഴും പ്രയാസങ്ങൾ ഉണ്ടാകുമ്പോഴും പദവിയുടെ പരിധിക്കകത്ത് നിന്ന് രാജകുമാരൻ സഹായത്തിനെത്തും. തിരിച്ചും.
ജിയോങ്ജോ രാജാവാകുന്ന യി സാന്റെ പ്രണയവും ഭാര്യാപദവിയും (concubine ) ദോക്കിമോ പലവട്ടം നിഷേധിക്കുന്നു. മനസ്സുകൊണ്ട് പ്രണയാതുരയാണെങ്കിലും രാജാവിന്‍റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വിഷമിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രണയം മനസ്സിലാക്കുന്നുണ്ടെങ്കിലും തന്റെ വ്യക്തിത്വവും സ്വാതന്ത്ര്യവും പണയം വെച്ചുള്ള ജീവിതം ദോക്കിമോ ആഗ്രഹിക്കുന്നില്ല. അതാണ് കാരണം. ജീവിതത്തിൽ പ്രണയിച്ച ഒരേ ഒരു സ്ത്രീ, തിരിച്ച് പ്രണയിച്ചില്ലെങ്കിലും
സാരമില്ല, കൂടെ നിന്നാൽ മതി എന്ന് രാജാവ് അഭ്യർത്ഥിക്കുമ്പോഴും ദോക്കിമോ വഴങ്ങുന്നില്ല. പിന്നെ കുറേ സംഭവങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷം രാജാവിന്റെ കൈ പിടിക്കുകയാണ് ദോക്കിമോ. സ്വന്തം നിലക്ക് തെരഞ്ഞെടുത്ത പേരാണ് രാജാവ് അവൾക്ക് സമ്മാനിക്കുന്നത്. ഉയ്ബിൻ സിയോങ്, ആണ് രാജാവിന് ഏറ്റവും പ്രിയപ്പെട്ട തോഴിയെന്ന് കൊട്ടാരം മുഴുവൻ അറിയാം. ഇവരുടെ പ്രണയം മാത്രമല്ല. കൊട്ടാരത്തിനകത്തെ അധികാരത്തർക്കം, കൊട്ടാര ദാസികൾക്ക് ഇടയിലെ പ്രശ്നങ്ങൾ, ബന്ധുക്കളും മന്ത്രിമാരും ഒക്കെ അധികാരത്തിനും അവകാശങ്ങൾക്കും വേണ്ടി നടത്തുന്ന പോര് ഇതൊക്കെ കഥയിൽ വരുന്നുണ്ട്.
ദോക്കിമോയും കൂട്ടുകാരും തമ്മിലുള്ള ചങ്ങാത്തം, സീനിയറുമായുള്ള ദോക്കിമോയുടെ ആത്മബന്ധം, യി സാനും
മുത്തച്ഛനുമായുള്ള ബന്ധം, അടുത്ത സംഘത്തിലുള്ളവരുമായുള്ള രാജകുമാരന്‍റെ ബന്ധം,ഇതൊക്കെ അതിമനോഹരമായ മുഹൂർത്തങ്ങളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. രാജ്യത്തിനും ജനതക്കുംവേണ്ടി മാതൃകാപരമായ ഭരണമായിരുന്നു ജിയോങ്ജോയുടേത്. മഹാനായ ജിയോങ്ജോ എന്നാണ് പല ചരിത്രകാരൻമാരും രേഖപ്പെടുത്തിയിട്ടുണ്ട്.
K Drama Review : വെള്ളിത്തിരയെ വിസ്‍മയിപ്പിക്കുന്ന ആക്ഷൻ ത്രില്ലര്‍, 'K2' റിവ്യു
ജിയോങ്ജോയും ദോക്കിമോയും തമ്മിലുള്ള പ്രണയവും ചരിത്രരേഖകളിലുണ്ട്.ഗർഭവതിയായിരിക്കെ ആണ്
പകർച്ചപ്പനിയാൽ ദോക്കിമോ എന്ന ഉയ്ബിൻ സിയോങ്, മരിക്കുന്നത്. അവളുടെ ശവകുടീരത്തിന് ചുറ്റും രാജാവിന്‍റെ നിർദേശപ്രകാരം 26,000 മരങ്ങൾ നട്ടു. സോളഇലെ യോങ്ജാൻ ജില്ലയിൽ ഹ്യോചാങ് പാർക്ക് എന്ന പേരിൽ ആ വൃക്ഷത്തലപ്പുകൾ ഇന്നും ഒരു പ്രണയസാക്ഷ്യമായി നിൽക്കുന്നുണ്ട്.
നായകവേഷത്തിലെത്തുന്ന ലീ ജുൻഹോയും നായികയായ ലീ സേ യങ്ങും അതിഗംഭീരമായാണ് അഭിനയിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ജുൻഹോ (Lee Jun-ho ). പദവിയുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും ബാധ്യതകളും അതിന്നൊപ്പം പ്രണയവും. ജിയോങ്ജോയുടെ എല്ലാ അവസ്ഥകളും ജുൻഹോ അസ്സലാക്കി. വെറുതെയല്ല മികച്ച നടനുള്ള ബേയ്ക്സാങ് പുരസ്കാരം നേടിയ ആദ്യ ഐഡൽ(idol) ആയി ജുൻഹോ മാറിയത്. ദോക്കിമോയുടെ നയപരവും ചിന്താപരവുമായ പ്രതിസന്ധികൾ ലീ സേ യങ്ങും (Lee Se-young )പ്രേക്ഷകരിലേക്ക് എത്തിക്കും. രണ്ടുപേരുടെയും
പ്രണയരംഗങ്ങളും വിടവാങ്ങൽ രംഗങ്ങളും ഒരു പോലെ പ്രേക്ഷകരുടെ ഉള്ളിൽതട്ടും. സഹതാരങ്ങളുടെ മത്സരിച്ചഭിനയിക്കലും പറയാതെ വയ്യ. വിവിധ ഭാവങ്ങൾ ഒന്നിച്ചെത്തേണ്ട , നീണ്ട ഡയലോഗ് പല താളത്തിൽ പറയേണ്ട
രംഗങ്ങളിൽ പ്രതിഭാശാലിയായ ലീ ഡിയോക്ക്ഹ്വാ (Lee Deok-hwa)യോങ്ജോ രാജാവായി ജീവിക്കുക തന്നെയായിരുന്നു. യി സാന്റെ സ്നേഹിതനും അതേസമയം സ്വന്തമായ ഒരു പാട് സ്വപ്നങ്ങളും പദ്ധതികളും കൊണ്ടുനടക്കുന്ന സൂത്രശാലിയുമായ ദ്യോക്ക് റോയായി കാങ് ഹൂനും (Kang Hoon) തിളങ്ങി. കൊട്ടാരത്തോഴിമാരായി എത്തുന്ന Park Ji-young , Jang Hye- jin, എന്നിവരും ദോക്കിമോയുടെ കൂട്ടുകാരായ Lee Min-ji Yoon Hae-bin ,Ha Yul-ri,, Lee Seo-hyun , Lee Eun-saem എന്നിവരും രാജാവിന്റെ അംഗരക്ഷകനായ Oh Dae-hwan എന്നിവരും കലക്കി. മികച്ച നിർമാണമാണ്.
അതിഗംഭീര പശ്ചാത്തലസംഗീതം. 16 എപ്പിസോഡുകളായി റെഡ് സ്ലീവ് നമ്മളെ രസിപ്പിക്കും. ചരിത്രവസ്തുതകളിൽ അണിയറക്കാർ ഇഴചേർത്ത പ്രണയനൊമ്പരം പ്രേക്ഷകനും അനുഭവിക്കും. കൊറിയയിലെ റേറ്റിങ് കണക്കുകളിൽ
മുന്നിലെത്തുക, നിരവധി പുരസ്കാരങ്ങൾ കിട്ടുക, മറ്റുനാടുകളിൽ പരമ്പര കാണാൻ വിവിധ ആപ്പുകൾ ഡൗൺലോഡ് ചെയ്യപ്പെടുക. റെഡ് സ്ലീവ് ഇതെല്ലാം അർഹിക്കുന്നുണ്ട്.