'മൈ ലവ് ഫ്രം ദ സ്റ്റാർ' എന്ന കൊറിയൻ സീരീസിന്റെ റിവ്യു- പി ആര്‍ വന്ദന എഴുതുന്നു (K Drama Review). 

കെ ഡ്രാമ രംഗത്തെ ജനപ്രിയവിഷയമാണ് ഫാന്റസി. അതിൽ പ്രണയവും തമാശയും അതിസമർത്ഥനായ വില്ലനും കൂടി ചേരുമ്പോൾ കോംബോ ഉഗ്രനാകും, പ്രേക്ഷകരെ രസിപ്പിക്കും. 'മൈ ലവ് ഫ്രം ദ സ്റ്റാർ' ചെയ്‍തതും അതുതന്നെയാണ്. 'യു ഹു കെയിം ഫ്രം ദ സ്റ്റാഴ്‍സ്' എന്നും പേരുള്ള പരമ്പരയിൽ മുഖ്യവേഷം ചെയ്‍തത് അവിടത്തെ സൂപ്പർ താരങ്ങളാണ്. Jun Ji-hyun,ഉം Kim Soo-hyun എന്നിവര്‍ (K Drama Review).

സ്‍പീൽബർഗിന്റെ 'ഇ ടി'ക്കും (E.T) ഹൃത്വിക് റോഷന്റെ 'ജാദു'വിനും പറ്റിയ അബദ്ധമാണ് പരമ്പരയിലെ നായകനും പറ്റിയത്. അന്യഗ്രഹത്തിൽ നിന്ന് ഭൂമി കാണാൻ വന്നതാണ് മൂപ്പരും കൂട്ടരും. കറങ്ങിനടക്കുന്നതിനിടെ ഒരു കുരുക്കിൽ പെട്ടു, വീട്ടിലേക്ക് മടങ്ങാനുള്ള പേടകത്തിൽ സമയത്ത് കയറാൻ പറ്റിയില്ല . ജോസൺ രാജകാലത്താണ് സംഭവം. പിന്നീടിങ്ങോട്ട് 400 വർഷമായി ഭൂമിയിൽ താമസിക്കേണ്ടി വന്നു കക്ഷിക്ക്. ജരാനരകൾ ബാധിക്കാത്ത ജീവിതം . അത്ഭുതസിദ്ധികൾ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ കാത്തുസൂക്ഷിച്ചുള്ള ജീവിതം. ഇടക്കിടക്ക് ജോലിയും പേരും മാറ്റി മാറ്റിയുള്ള ജീവിതം. ജോസൺ കാലത്തെ കൂരകളിൽ നിന്ന് സോളിന്റെ വലിയ തെരുവുകളിലേക്കും അംബരചുംബികളായ കെട്ടിടങ്ങളിലേക്കും മാറി മാറി വന്ന ജീവിതം. ഒടുവിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ബഹിരാകാശപേടകം എത്താൻ പോകുന്നുവെന്നും മൂന്ന് മാസം കഴിഞ്ഞാൽ മടങ്ങാമെന്നും സന്തോഷിച്ചിരിക്കുന്പോഴാണ് നായകന്റെ ജീവിതത്തിൽ ഒരത്ഭുതം സംഭവിക്കുന്നത്. പ്രണയം.

ആദ്യം ഭൂമിയിലെത്തിയപ്പോഴാണ് നായകൻ 'DO MIN JOON' ഒരു പെൺകുട്ടിയെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതും ആ പെൺകുട്ടി അദ്ദേഹത്തോടുള്ള സ്നേഹം പറയുന്നതും പിന്നെ അക്കാലത്തിന്റെ ന്യായത്തിൽ ജീവൻ വെടിഞ്ഞും അദ്ദേഹത്തെ രക്ഷിക്കുന്നതും. അന്ന് കണ്ട പെൺകുട്ടിയുടെ മുഖം നായകന്റെ ഹൃദയത്തിൽ രേഖപ്പെടുത്തപ്പെട്ടിരുന്നു. ഭൂമിയിൽ വന്ന ശേഷം ആദ്യമായി കരുതലും സ്നേഹവും തന്നതു കൊണ്ട്. അവളെ വീണ്ടും ഏതെങ്കിലും രീതിയിൽ കണ്ടുമുട്ടിയെങ്കിൽ എന്ന തോന്നൽ എപ്പോഴും DOക്കുണ്ട്. ഇടക്ക് അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ ഒരു പെൺകുട്ടിക്ക് 'DO'ക്ക് ആ ഛായ തോന്നിയിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയാകട്ടെ പിന്നീട് പ്രശസ്തയായ നടിയാകുന്നു. തീർന്നില്ല, DOയുടെ അയൽപക്കത്ത് താമസിക്കാനെത്തുന്നു. പോരെ പൂരം. ചില തെറ്റിദ്ധാരണകളും രസകരമായ സന്ദർഭങ്ങളും വൈകാരികതയും DOയുടെ സിദ്ധികളും എല്ലാം കൂടിയായി പിന്നെ ജഗപൊഗയാണ്. എത്ര വേണ്ടെന്നു വെച്ചിട്ടും DOക്ക് പ്രണയം പറയാതിരിക്കാൻ പറ്റുന്നില്ല. 'CHEON SONG YI' മനസ്സ് വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരിയാണ്. കരിയറിലും വ്യക്തിജീവിതത്തിലും എല്ലാമുള്ള പ്രശ്‍നങ്ങൾ 'CHEON' നേരിടുന്നുണ്ട്. 'DO' ആരാണെന്നറിഞ്ഞിട്ടും പ്രണയത്തിൽ പിന്നോട്ടുപോകുന്നില്ല അവൾ.

'CHEON'നെ സ്‍കൂൾ കാലം മുതൽ പ്രണയിക്കുന്ന ആളാണ് അവൾക്ക് ഏറ്റവുമടുത്ത സുഹൃത്ത് മാത്രമായ 'LEE HEE KYUNG'. രണ്ടുപേരുടെയും സ്നേഹിതയായ , 'YOO SEMI'നിശബ്‍ദമായി 'ലീ ഹീ'യെ പ്രണയിക്കുന്നുണ്ട്. രണ്ടുപേർക്കും അവരുടെ പ്രണയം നിരാശയുടേതാണ്. വേദനയുടേതാണ്. 'ലീ ഹീ'യുടെ മൂത്ത സഹോദരൻ അവരുടെ ബിസിനസ് സാമ്രാജ്യത്തിന്റെ് അടുത്ത അവകാശിയാണ്. കാണുന്ന പോലെയല്ല ആളെന്ന് കഥ മുന്നോട്ടുപോകുന്പോൾ മനസ്സിലാകും. 'CHEON'നോടുള്ള സ്നേഹത്തിന്റെ പേരിൽ പരസ്‍പരം കുശുമ്പൊക്കെയുണ്ടെങ്കിലും 'DO'യും 'ലീ ഹീ'യും അവളെ സംരക്ഷിക്കാൻ ഒരുമിച്ചുണ്ട്. ഒരു സഹപ്രവർത്തകയുടെ മരണത്തിന് പിന്നാലെ കരിയറിലും ജീവിതത്തിലും തിരിച്ചടികൾ നേരിടുന്ന 'CHEON'നെ സഹായിക്കാൻ രണ്ടുപേരുമുണ്ട്. നടിയുടെ മരണത്തിന്റെ അന്വേഷണം , വില്ലനിലേക്കെത്താനുള്ള വഴികൾ, അതൊക്കെയാണ് സീരീസിൽ ത്രില്ലർ സ്വഭാവം എത്തിക്കുന്നത്. 'DO'യുടെ രഹസ്യമറിയുന്ന അവനെ ഉപാധികളില്ലാതെ സ്നേഹിക്കുന്ന വക്കീൽ കഥാപാത്രവും പ്രത്യേകം എടുത്തുപറയണം.

'DO'യുടെ സിദ്ധികൾ ഉണ്ടാക്കുന്ന രസകരമായ സന്ദർഭങ്ങളും അത് മറക്കാൻ 'DO' കാണിക്കുന്ന പരാക്രമങ്ങളും 'CHEONന്റെ വട്ടുകളും നമ്മെ രസിപ്പിക്കും. വില്ലന്റെ മിടുക്ക് നമ്മളെ ഞെട്ടിക്കും. പ്രണയം വേണ്ടെന്നു വെക്കാൻ പറ്റാതെ , പ്രണയിനിയെ വിട്ടിട്ടുപോകാൻ തോന്നാതെ 'DO' പൊട്ടിക്കരയുന്പോൾ ആ നഷ്ടം ആലോചിച്ച് 'CHEON' വിങ്ങിവിങ്ങി കരയുമ്പോൾ, എവിടെയുമെത്തില്ല എന്നുറപ്പായിട്ടും വ‌ർഷങ്ങളായി മനസ്സിൽ പ്രണയം കൊണ്ടുനടക്കുന്ന 'ലീ ഹീ'യുടേയും സെമിയുടേയും വേദന കാണുന്പോൾ ഏത് കഠിനഹൃദയനും സങ്കടം വരും. അങ്ങനെ കഥയിലെ ഓരോ വികാരവും പ്രേക്ഷനിലേക്ക് എത്തുന്നുണ്ട്.



നിർമാണമികവ് സീരീസിനെ വേറിട്ടുനിർത്തുന്നു. സൂക്ഷ്‍മതകളിൽ അത്ര ശ്രദ്ധിച്ചിട്ടുണ്ട്. രണ്ട് കാലഘട്ടത്തിന്റെ ആവിഷ്‍കാരം എടുത്തുപറയണം. ബഹിരാകാശലോകത്തിന്റെധ അവതരണം ഗംഭീരം. നല്ല പശ്ചാത്തലസംഗീതം. എല്ലാ അഭിനേതാക്കളുടേയും മികച്ച പ്രകടനം. വെറുതെയല്ല 'MY LOVE FROM THE STAR' സൂപ്പ‍ർഹിറ്റായതും മറ്റ് പല ഭാഷകളിലും റീമേക്കുകൾ ഉണ്ടായതും. 2013..14 കാലത്തായി സംപ്രേഷണം ചെയ്‍ത പരമ്പര നെറ്റ്ഫ്ലിക്സിലൂടെയാണ് കൂടുതൽ പേർ കണ്ടത്. നെറ്റ്ഫ്ലിക്സിന്റെ കാഴ്‍ചക്കണക്കിൽ ഇപ്പോഴും മുന്നിലാണ് എന്നത് തന്നെ പരമ്പരയുടെ നിർമാണമികവിനും ആസ്വാദ്യതക്കും തെളിവാണ്.

ജുൻ ജി ഹയൻ ടെലിവിഷൻ രംഗത്തേക്ക് പതിനാല് വർഷത്തിന് ശേഷം തിരിച്ചെത്തിയ പരമ്പരയായിരുന്നു അത്. കിം സോ ഹ്യുൻ ആകട്ടെ 'Moon Embracing the Sun' എന്ന സൂപ്പർഹിറ്റിന് ശേഷം അഭിനയിച്ച പരമ്പര. രണ്ടുപേരും 'ദ തീവ്സ്' എന്ന സൂപ്പ‍ർഹിറ്റ് സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് പരമ്പരയിൽ ഒരു ജോടിയാകുന്നത്. രണ്ടുപേരുടേയും ജോഡിപ്പൊരുത്തവും മത്സരിച്ചുള്ള അഭിനയവും പരമ്പരയെ വിജയിപ്പിക്കുന്നതിൽ നിർണായകമായതെന്നതിൽ സംശയമില്ല. രണ്ടുപേർക്കും അക്കൊല്ലത്തെ നിരവധി പുരസ്‍കാരങ്ങളും കിട്ടി.

Read More : പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ 'വാട്ട് ഹാപ്പൻസ് ടു മൈ ഫാമിലി' - കൊറിയൻ ഡ്രാമ റിവ്യു