
റിലീസ്ദിനത്തില്‍ തന്നെ മാസ് എന്റര്‍ടെയ്‌നര്‍ എന്ന അഭിപ്രായം നേടി ബോക്‌സ്ഓഫീസില്‍ കുതിപ്പ് തുടങ്ങിയിരിക്കുകയാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തോട് ഏറെ പോസിറ്റീവ് ആയാണ് റിലീസ് ദിനത്തിലെ പ്രേക്ഷകര്‍ പ്രതികരിച്ചത്. കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഈ വാരാന്ത്യത്തില്‍ തീയേറ്ററുകളില്‍ പ്രേക്ഷകരെ തേടി മറ്റ് സിനിമകളും എത്തുന്നുണ്ട്. എന്നാല്‍ അവ മലയാളത്തിലുള്ളവ അല്ലെന്ന് മാത്രം. ഫഹദും വിജയ് സേതുപതിയും നയന്‍താരയുമൊക്കെ ഈയാഴ്ച കേരളത്തിലെ സ്‌ക്രീനുകളില്‍ എത്തുന്നുണ്ട്. ലൂസിഫറിനൊപ്പം ഈ വാരാന്ത്യത്തില്‍ തീയേറ്ററുകളിലെത്തുന്ന സിനിമകള്‍ ഇവയാണ്.
സൂപ്പര്‍ ഡീലക്‌സ് (തമിഴ്)
ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം. ഫഹദും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച് തീയേറ്ററുകളിലെത്തുന്നു. വിജയ് സേതുപതി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം സാമന്ത, രമ്യ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വെള്ളിയാഴ്ച തീയേറ്ററുകളില്‍.
ഐറ (തമിഴ്)
നയന്‍താര ഇരട്ട വേഷത്തില്‍ എത്തുന്ന ഹൊറര്‍ ത്രില്ലര്‍. സര്‍ജുന്‍ കെ എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലൈയരശന്‍ ഹരികൃഷ്ണന്‍, യോഗി ബാബു എന്നിവര്‍ക്കൊപ്പം കുളപ്പുള്ളി ലീലയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൂസിഫറിനൊപ്പം തീയേറ്ററുകളിലെത്തി.
നോട്ട്ബുക്ക് (ഹിന്ദി)
നിതിന്‍ കക്കര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ. സല്‍മാന്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനെയും നായികയെയും അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. സഹീര്‍ ഇഖ്ബാലും പ്രനുതന്‍ ബാലും. വെള്ളിയാഴ്ച തീയേറ്ററുകളില്‍.
ജംഗ്ലീ (ഹിന്ദി)
വിദ്യുത് ജാംവാല്‍ നായകനാവുന്ന ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലര്‍. മകരന്ദ് ദേശ്പാണ്ഡെ, അതുല്‍ കുല്‍ക്കര്‍ണി, പൂജ സാവന്ത് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധാനം ചക്ക് റസല്‍. വെള്ളിയാഴ്ച റിലീസ്.
അസ് (ഇംഗ്ലീഷ്)
ജോര്‍ദാന്‍ പീല്‍ സംവിധാനം ചെയ്തിരിക്കുന്ന ഹൊറര്‍ ത്രില്ലര്‍. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ല്യൂപിറ്റ ന്യോംഗോയുടെ പ്രകടനം ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. എലിസബത്ത് മോസ്, വിന്‍സ്റ്റണ്‍ ഡ്യൂക്ക് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെള്ളിയാഴ്ച റിലീസ്.
ഡംബോ (ഇംഗ്ലീഷ്)
ടിം ബര്‍ട്ടണ്‍ സംവിധാനം ചെയ്ത ഫാന്റസി അഡ്വഞ്ചര്‍ ചിത്രം. ഇതേപേരില്‍ 1941ല്‍ പുറത്തിറങ്ങിയ വാള്‍ട്ട് ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട സിനിമ. വെള്ളിയാഴ്ച റിലീസ്.
ദി ലീസ്റ്റ് ഓഫ് ദീസ് (ഇംഗ്ലീഷ്)
ഓസ്‌ട്രേലിയന്‍ സ്വദേശിയായ ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രഹാം സ്‌റ്റെയിന്‍സിന് നേരിടേണ്ടിവന്ന ദാരുണാന്ത്യത്തിന്റെ കഥ. തന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ അദ്ദേഹം 1999ല്‍ ഒഡീഷയില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു. അനീഷ് ഡാനിയേല്‍ ആണ് സംവിധാനം. ശര്‍മാന്‍ ജോഷി, അദിതി ചെങ്കപ്പ, സ്റ്റീഫന്‍ ബാള്‍ഡ്‌വിന്‍, പ്രകാശ് ബെലവാഡി എന്നിവര്‍ അഭിനയിക്കുന്നു. വെള്ളിയാഴ്ച റിലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ