ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ധുരന്ദറിനെതിരെ കടുത്ത വിമർശനവുമായി ഹോട്ട്മെയിൽ സഹസ്ഥാപകൻ സബീർ ഭാട്ടിയ

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ബോളിവുഡ് ചിത്രം ധുരന്ദര്‍. രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ബോക്സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ ഇട്ട ചിത്രം കൂടിയാണ് ഇത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1300 കോടിയിലേറെ നേടിയ ചിത്രം ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനുമാണ് നേടിയത്. തിയറ്റര്‍ വിജയത്തിന് പിന്നാലെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹോട്ട്മെയിലിന്‍റെ സഹ സ്ഥാപകനായ സബീര്‍ ഭാട്ടിയ. ചിത്രം പ്രതികാരത്തിന്‍റെയും വെറുപ്പിന്‍റെയും സന്ദേശമാണ് പകരുന്നതെന്നും എല്ലാവരും ചിത്രം ബഹിഷ്കരിക്കണമെന്നും സബീര്‍ ഭാട്ടിയ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സബീര്‍ ഭാട്ടിയയുടെ വിമര്‍ശനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സബീര്‍ ഭാട്ടിയ പറയുന്നു

“നിങ്ങളെ വൈകാരികമായി ശാക്തീകരിക്കുവാനല്ല ഇന്ന് സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്. മറിച്ച് ട്രിഗര്‍ ചെയ്യുവാനായാണ് അവ രൂപപ്പെടുത്തുന്നത്. കരുതിയിരിക്കുക”, എന്ന കുറിപ്പോടെയാണ് ചിത്രം കണ്ട അനുഭവം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. “ധുരന്ദര്‍ ഞാനിപ്പോള്‍ കണ്ടു. വൈകാരികമായി ഊര്‍ജ്ജസ്വലമാക്കുന്ന സെന്‍സേഷണലിസവും നാടകീയതയും. പക്ഷേ ഇതില്‍ ചിന്താപരമായ ഘടകം എവിടെ? പ്രതികാരത്തിന്‍റെയും വെറുപ്പിന്‍റെയും സന്ദേശമാണ് എല്ലാവരും പടര്‍ത്തുന്നത്. ജുഗുപ്സാവഹമാണ് അത്. നമ്മുടെ കുട്ടികള്‍ വൈകാരിക റിയാക്റ്ററുകള്‍ ആവുകയല്ല നമുക്ക് വേണ്ടത്. മറിച്ച് യുക്തിപൂര്‍വ്വം ചിന്തിക്കുന്നവരായാണ് അവര്‍ മാറേണ്ടത്. സര്‍ഗാത്മകത പൂജ്യം. എനിക്കറിയാം, ഇതൊരു സിനിമയാണ്. പക്ഷേ തലങ്ങും വിലങ്ങും ആളെ കൊല്ലുന്നതിലും പ്രതികാരത്തിലുമൊക്കെ വിനോദം എവിടെ. ഒരു പ്രത്യയേക തരത്തിലുള്ള ചിന്തയെയാണ് അത് പ്രോത്സാഹിപ്പിക്കുന്നത്. ആ ചിന്താപദ്ധതിയാവട്ടെ ഭീകരവുമാണ്. വ്യക്തികളുടെ മനോവ്യാപാരങ്ങളിലേക്ക് പോവാതെ രാജ്യങ്ങളെയും സ്ഥാപനങ്ങളെയുമൊക്കെ വീതിയേറിയ ബ്രഷ് കൊണ്ട് വരച്ചിടുകയാണ് ചിത്രം. വ്യക്തികള്‍ നല്ലതോ മോശമോ ആയിരിക്കാം. പക്ഷേ രാജ്യങ്ങള്‍ അല്ല. പറഞ്ഞത് മനസിലായിക്കാണുമെന്ന് കരുതുന്നു. ഹൃദയപൂര്‍വ്വം ഈ സിനിമയെ നിങ്ങള്‍ ബഹിഷ്കരിക്കുക”, സബീര്‍ ഭാട്ടിയ പറയുന്നു.

ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആദിത്യ ധര്‍ ആണ് ധുരന്ദറിന്‍റെ സംവിധായകന്‍. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാറ അര്‍ജുന്‍ ആണ് നായിക. ദി റാത്ത് ഓഫ് ഗോഡ് എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍റ് ആയാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. ഐഎസ്ഐ ഓഫീസര്‍ മേജര്‍ ഇഖ്ബാല്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ രാംപാല്‍ എത്തുന്നത്. രണ്‍വീര്‍ സിംഗിന്‍റെ താരമൂല്യം വലിയൊരളവില്‍ കൂട്ടുന്ന വിജയമാണ് ഇത്. അതുപോലെ തന്നെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളുടെയും സംവിധായകന്‍റെയും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming